പശ്ചിമേഷ്യൻ സംഘർഷം: സൗദിയിലേക്കുള്ള വിമാനനിരക്ക് കുതിച്ചുയരുന്നു


പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെത്തുടർന്ന് വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ സൗദി അറേബ്യയിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ ഉയർന്നു. പ്രമുഖ ഇന്ത്യൻ എയർലൈനുകൾ ഈ മാസം 23 വരെ സർവീസുകൾ നിർത്തിവെച്ചതും സ്കൂൾ അവധിക്കാലത്തിന് ശേഷമുള്ള പ്രവാസികളുടെ മടക്കയാത്ര പൂർണ്ണമാകാത്തതുമാണ് നിരക്ക് താഴാതെ തുടരുന്നതിന് കാരണം. സാധാരണ ദിവസങ്ങളിൽ 18,000 മുതൽ 25,000 രൂപ വരെയായിരുന്ന ജിദ്ദ - കോഴിക്കോട് റൂട്ടിലെ ടിക്കറ്റ് നിരക്ക് നിലവിൽ 45,000 മുതൽ 50,000 രൂപ വരെയായി ഉയർന്നു. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളിൽ 40 ശതമാനത്തോളം പേരും സൗദി അറേബ്യയെ ആശ്രയിക്കുന്നവരായതിനാൽ ഈ നിരക്കുവർധന മലയാളികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, ടിക്കറ്റ് നിരക്ക് മൂന്ന് ലക്ഷം രൂപയിലേക്ക് ഉയർന്നുവെന്ന തരത്തിലുള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിപണിയിലെ സ്വാഭാവിക വർധന മാത്രമാണിതെന്നുമാണ് ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുള്ളത്.

വളരെ പുതിയ വളരെ പഴയ