ജർമനിയിലെ ബോഹുമിൽ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം: അയൽവാസികൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്


ബെർലിൻ: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവത്തിന് പിന്നിൽ അയൽക്കാർ തമ്മിലുണ്ടായ തർക്കമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റുമാനിയൻ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.30ഓടെയാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. സംഭവത്തിന് തലേദിവസം റുമാനിയൻ സ്വദേശിയും സമുച്ചയത്തിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇയാൾ മനഃപൂർവം തീകൊളുത്തിയതാണെന്നാണ് സംശയിക്കുന്നത്. എന്നാൽ, മരിച്ച മലയാളികളായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലാണ് റുമാനിയൻ സ്വദേശി താമസിച്ചിരുന്നത്. തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഒന്നാം നിലയിലായിരുന്നു. സംഭവത്തിൽ ഒരു മലയാളി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ജോലിയും പഠനവുമായി ബന്ധപ്പെട്ട പ്രതീക്ഷകളോടെ മാസങ്ങൾക്കുമുമ്പ് മാത്രം ജർമനിയിലെത്തിയവരാണ് മൂവരും. ജർമനിയിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിലായിരുന്നു അഞ്ജലി. നോവ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തായ അഞ്ജലിയെ കാണാനായി അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് നോവ അപകടത്തിൽപ്പെട്ടത്. സിവിൻ ജോണി ജർമനിയിലെത്തിയിട്ട് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. സംഭവത്തിന്റെ സാഹചര്യങ്ങളും തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

വളരെ പുതിയ വളരെ പഴയ