ദോഹ: ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തുന്നവർക്കും പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തർ റിയാൽ വരെ പിഴയും ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ പിഴ ഒരു ലക്ഷം റിയാൽ വരെയായി ഉയരും.
പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015-ലെ 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകളും ശിക്ഷകളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യം വിശദീകരിച്ചത്. വകുപ്പിലെ ഡിറ്റൻഷൻ സെക്ഷൻ മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദിയാണ് ശിക്ഷാനടപടികളെക്കുറിച്ച് വിശദീകരിച്ചത്.
തൊഴിലാളികളെ അനധികൃതമായി മറ്റൊരു സ്ഥാപനത്തിൽ ജോലിക്കു വെച്ചാലും നടപടി
തങ്ങൾ റിക്രൂട്ട് ചെയ്ത തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കും തങ്ങൾ റിക്രൂട്ട് ചെയ്യാത്ത തൊഴിലാളികളെ ജോലിക്കെടുക്കുന്നവർക്കും മൂന്ന് വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ലഭിക്കാമെന്ന് മേജർ അൽ ബുറൈദി വ്യക്തമാക്കി. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഒരു ലക്ഷം റിയാൽ വരെയാകാം. നിശ്ചിത സാഹചര്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്കും 50,000 റിയാൽ വരെ പിഴ ചുമത്താം.
താമസാനുമതി പുതുക്കിയില്ലെങ്കിൽ 10,000 റിയാൽ വരെ പിഴ
തൊഴിലാളികളുടെ റെസിഡൻസ് പെർമിറ്റിന്റെ കാലാവധി അവസാനിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അത് പുതുക്കുന്നതിനോ പുതിയ പെർമിറ്റ് അനുവദിക്കുന്നതിനോ ആവശ്യമായ നടപടികൾ പൂർത്തിയാക്കാത്ത തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ലഭിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തുക, തൊഴിലാളികൾക്ക് മതിയായ താമസസൗകര്യം ഉറപ്പാക്കുക, താമസാനുമതി രേഖകളുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുക, പ്രവാസികളുടെ തൊഴിൽ സംബന്ധമായ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുക എന്നിവ ഉറപ്പാക്കണമെന്ന് മേജർ അൽ ബുറൈദി തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.
