ദോഹ: ഇസ്രായേൽ തിരഞ്ഞെടുപ്പുകളിൽ ഖത്തർ ഇടപെട്ടുവെന്നും രാഷ്ട്രീയ പാർട്ടികളെയും വോട്ടർമാരെയും സ്വാധീനിക്കാൻ സാമ്പത്തിക സഹായം നൽകിയെന്നുമുള്ള ആരോപണങ്ങൾ ഖത്തർ തള്ളി. ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിലേക്ക് ഖത്തറിനെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ആരോപണം പൂർണമായും തള്ളുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലാണ് അൽ-അൻസാരി ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയത്. ഇസ്രായേലിലെ ചില രാഷ്ട്രീയക്കാരും അവരുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരും ഖത്തറിനെതിരായ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രായേൽ രാഷ്ട്രീയത്തിലെ വിവിധ വിഭാഗങ്ങളെയും അറബ് വോട്ടർമാരെയും ഖത്തർ പണം നൽകി സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത്തരം ആരോപണങ്ങൾ അസംബന്ധവും അപകടകരവുമാണ്. ഇസ്രായേലിലെ രാഷ്ട്രീയ-മാധ്യമ മേഖലകളിലെ ചില വ്യക്തികൾ സ്വന്തം രാഷ്ട്രീയ പരാജയങ്ങൾക്ക് ഖത്തറിനെ ഉത്തരവാദിയാക്കാൻ ശ്രമിക്കുകയാണെന്നും, ഖത്തറിനെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം വോട്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഇസ്രായേൽ രാഷ്ട്രീയക്കാർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ തിരഞ്ഞെടുപ്പ് മത്സരങ്ങളിലോ ഖത്തറിന് പങ്കില്ലെന്നും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അതോടൊപ്പം ഫലസ്തീൻ വിഷയത്തിലെ നിലപാടും ഖത്തർ വ്യക്തമാക്കി. ഇസ്രായേലിലെ പുതിയ സർക്കാർ അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും മാനിക്കണമെന്നും ഫലസ്തീൻ പ്രശ്നത്തിൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും അൽ-അൻസാരി ആവശ്യപ്പെട്ടു. 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ മാനിക്കണം.
മധ്യസ്ഥതയിലൂടെയുള്ള സംഘർഷപരിഹാരം, നയതന്ത്ര ഇടപെടലുകൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിൽ ഖത്തർ സജീവമായി തുടരുമെന്നും അൽ-അൻസാരി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയോ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുടെയോ ഭാഗമായി ഖത്തറിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
