സൗദി വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം: മൂന്ന് മരണം; തിരിച്ചടിച്ച് സൗദി സഖ്യസേന, 82 കേന്ദ്രങ്ങൾ തകർത്തു


റിയാദ്: സൗദി അറേബ്യയിലെ അബ്ഹ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. അബ്ഹയിൽ നടന്ന ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളും, റിയാദിൽ സുഡാൻ സ്വദേശിയായ ഒരാളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ അഞ്ച് സൗദി പൗരന്മാരും ഉൾപ്പെടുന്നു.

ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന രംഗത്തെത്തി. യെമനിലുടനീളം സമഗ്ര സൈനിക നടപടി പ്രഖ്യാപിച്ച സേന, സനായിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോമുകളും ആയുധ ഡിപ്പോകളും ഉൾപ്പെടെ 82 ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു. ഇതിനിടെ, പടിഞ്ഞാറൻ തായിസിൽ സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേന 'ഡോൺ ഓഫ് യെമൻ' സൈനിക നടപടിയിലൂടെ മുന്നേറ്റം തുടരുകയാണ്.

മേഖലയിൽ യുദ്ധസമാന സാഹചര്യവും സുരക്ഷാ ഭീഷണിയും നിലനിൽക്കുന്നതിനാൽ റിയാദിലെ യു.എസ്. എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ