ന്യൂഡൽഹി: സൗദി അറേബ്യയിൽ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. സൗദിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിനും തലസ്ഥാനമായ റിയാദിനും നേരെ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ സൗദി സഖ്യസേന പ്രതിരോധിച്ചതായി അറിയിച്ചിട്ടുണ്ട്.
സുരക്ഷാ ആശങ്കകളെ തുടർന്ന് ഇന്ത്യയിൽ നിന്ന് റിയാദിലേക്കുള്ള എല്ലാ സർവീസുകളും ഒക്ടോബർ 31 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ദുബായിൽ നിന്ന് ദമാം, റിയാദ്, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ ഒക്ടോബർ 29 വരെ സർവീസ് നടത്തുകയില്ല.
അതേസമയം, യെമനിലെ സുഖാർ ദ്വീപിന് സമീപം ആക്രമണത്തിനിരയായ ഇന്ത്യൻ യോട്ടിലുണ്ടായിരുന്ന 14 പേരും സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇവരെ യെമനിലെ ഹൊദെയ്ദയിലേക്ക് മാറ്റിയിട്ടുണ്ട്. യോട്ടിന് നേർക്കുണ്ടായ ആക്രമണത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
യെമനിൽ സാധാരണക്കാരെയും ഗോത്രവിഭാഗങ്ങളെയും സഖ്യസേന ലക്ഷ്യമിട്ടു എന്ന ഹൂതികളുടെ ആരോപണം സൗദി നിഷേധിച്ചു. ഗോത്രവിഭാഗങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് ഹൂതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സൗദി വ്യക്തമാക്കി.
