ഫ്രാൻസിൽ കലാപം രൂക്ഷം; പാരിസ് അടക്കമുള്ള നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു; 2,400 പേർ കസ്റ്റഡിയിൽ


പാരിസ്: ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെതിരെയുണ്ടായ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചു. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,400 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തലസ്ഥാനമായ പാരിസിൽ മാത്രം നാനൂറിലധികം വ്യാപാരസ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.

കുതിച്ചുയരുന്ന ജീവിതച്ചെലവ്, പൊതുസേവന മേഖലയിലെ തകർച്ച, സ്കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവ് എന്നിവയിൽ പ്രതിഷേധിച്ച് യുവജനങ്ങളും വിവിധ സംഘടനകളും തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി ലൊറന്റ് നൂനെസ് രാജിക്കത്ത് നൽകിയെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇത് തള്ളി. ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വ്യാപകമായ അക്രമങ്ങൾക്ക് കാരണമായതെന്ന് പ്രസിഡന്റ് വിമർശിച്ചു.

ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടും പ്രതിഷേധം നിയന്ത്രണാതീതമായി തുടരുകയാണ്. ഇതിനിടെ, സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന് വലിയ സുരക്ഷാ വെല്ലുവിളിയാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ