സൗദി അറേബ്യ : മേഖലയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ. ഡിസംബർ ഒന്ന് മുതൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികൾ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ ആദ്യവാരം റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ സർവീസുകൾ റദ്ദാക്കാൻ തുടങ്ങിയത്. ഏകദേശം രണ്ടുമാസത്തോളം നിർത്തിവെച്ച സർവീസുകളാണ് ഇപ്പോൾ പുനരാരംഭിക്കാനൊരുങ്ങുന്നത്.
കോഴിക്കോട്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും മുംബൈയിൽ നിന്ന് മദീനയിലേക്കുമാണ് ഇൻഡിഗോ സർവീസ് പുനരാരംഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്കുൾപ്പെടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഗ്രൂപ്പ് ടിക്കറ്റുകൾ ഉൾപ്പെടെ ബുക്കിങ് ആരംഭിച്ചതായി ട്രാവൽ ഏജൻസികളും ഉംറ ഗ്രൂപ്പുകളും വ്യക്തമാക്കി.
നീണ്ട ഇടവേളയ്ക്ക് ശേഷം സർവീസുകൾ തിരിച്ചെത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. സൗദി എയർലൈൻസും ഫ്ലൈനാസും കേരളത്തിലേക്ക് ഉൾപ്പെടെ വിവിധ പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രതീക്ഷ.
