റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശിയായ യുവതിയും; ആകെ മരണം 13 ആയി


ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിയായ യുവതിയും ഉൾപ്പെടുന്നു. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷാണ് (26) മരിച്ചത്. അപകടത്തിൽ ആകെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. മരിച്ച മറ്റ് ആളുകളെ തിരിച്ചറിയാനുള്ള നടപടികൾ അധികൃതർ തുടരുകയാണ്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 26 പേരിൽ 12 പേർ ആശുപത്രി വിട്ടു. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരുടെ പട്ടികയിലുണ്ട്. റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമാണ് ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. അപകടസമയത്ത് ബസിൽ ആകെ 41 യാത്രക്കാരുണ്ടായിരുന്നു.



വളരെ പുതിയ വളരെ പഴയ