വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്: സൗദിയിൽ വൻ നടപടി; 1.16 ലക്ഷത്തിലേറെ അവധി സർട്ടിഫിക്കറ്റുകളിൽ നിയമലംഘനം, ഒരു ഡോക്ടർ മാത്രം നൽകിയത് 9584 എണ്ണം



റിയാദ്: അസുഖ അവധി (സിക്ക് ലീവ്) സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചു. പരിശോധന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി മന്ത്രാലയ ഉദ്യോഗസ്ഥർ 1,817 സന്ദർശനങ്ങൾ നടത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ പരിശോധനയിൽ, നിയമപരമായി നൽകപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കേണ്ട 116,131 അസുഖ അവധി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി.

​പരിശോധനകളിൽ ഞെട്ടിക്കുന്ന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരു ആരോഗ്യ കേന്ദ്രം മാത്രം 70,753 സർട്ടിഫിക്കറ്റുകളും, ഒരു ആരോഗ്യ പ്രവർത്തകൻ മാത്രം 9,584 സർട്ടിഫിക്കറ്റുകളും നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഒരു ദിവസം ഒരാൾ മാത്രം 259 അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകിയതായും ചട്ടങ്ങൾ പാലിക്കാത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് 46,279 സർട്ടിഫിക്കറ്റുകൾ നൽകിയതായും കണ്ടെത്തി. ഇതേത്തുടർന്ന് പരിശോധനാ സംഘങ്ങൾ നേരിട്ടെത്തി കാര്യങ്ങൾ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

​അനുവദനീയമായതിലും കൂടുതൽ അസുഖ അവധി സർട്ടിഫിക്കറ്റുകൾ നേടാൻ ശ്രമിച്ചവർ, ലൈസൻസില്ലാത്ത ഉറവിടങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങിയവർ, ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സ്ഥാപനങ്ങൾ എന്നിവർക്കെതിരെ കടുത്ത നിയമനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ലൈസൻസുകൾ, അനുമതികൾ റദ്ദാക്കുക, കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുക തുടങ്ങിയ നടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്.

​ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക, അസുഖ അവധി സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത നിലനിർത്തുക, ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ഈ കർശന പരിശോധന. ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രൊഫഷണലിസം ഉണ്ടായിരിക്കേണ്ടതിന്റെയും, ബാധകമായ നിർദ്ദേശങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.




വളരെ പുതിയ വളരെ പഴയ