യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; മരിച്ചവരിൽ മലയാളിയും, മരണസംഖ്യ 13 ആയി


ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.

ഒമാനിൽ വിസ മാറ്റുന്നതിനായി പോയി തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ച ബസിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നൽകി. അപകടസ്ഥലം സുരക്ഷിതമാക്കിയ അധികൃതർ പ്രദേശത്തെ ഗതാഗതവും നിയന്ത്രിച്ചു.

 

വളരെ പുതിയ വളരെ പഴയ