റാസൽഖൈമയിൽ നിർത്തിയിട്ട ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 13 പേരിൽ രണ്ട് പേർ കണ്ണൂർ സ്വദേശികളായ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. തലശ്ശേരി പന്ന്യന്നൂർ സ്വദേശി സങ്കീർത്ത് നിവാസിൽ സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തത്തിൽ ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് മരിച്ചത്. മട്ടന്നൂരിലെ വിമുക്ത ഭടൻ കെ.വി. മോഹനന്റെയും റിട്ടയേർഡ് അധ്യാപിക പി.കെ. സുമംഗലയുടെയും മകനാണ് ഹേമന്ത്.
മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഗുജറാത്ത് സ്വദേശിനി മഹിമ സോണി, ആന്ധ്രാപ്രദേശ് സ്വദേശി വിനോദ്കുമാർ എന്നിവരും അപകടത്തിൽ മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ അൽ മനായിലാണ് അപകടമുണ്ടായത്. ദുബായിലെ സ്വകാര്യ ട്രാവൽ ഏജൻസി വഴി വിസ പുതുക്കുന്നതിനായി ഒമാനിൽ പോയി മടങ്ങിവരികയായിരുന്ന ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ ഉൾപ്പെടെ 13 പേർ മരിച്ചതായാണ് ഷാർജ പൊലീസ് പുറത്തുവിട്ട കണക്ക്.
മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് വിവരം. എന്നാൽ മരിച്ചവരുടെ ഔദ്യോഗിക പട്ടിക യുഎഇ ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുണ്ട്.
