ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സഊദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 30 തിങ്കളാഴ്ച വരെ നീട്ടിയതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.
പുതിയ യാത്രാ നിർദേശപ്രകാരം നവംബർ 30 വരെയുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവെക്കാവുന്നതാണ്.
കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർക്ക് സഊദിയിലെ സർവീസ് ഉള്ള മറ്റ് വിമാനത്താവളങ്ങളിലേക്കോ ബഹ്റൈനിലേക്കോ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാൻ സൗകര്യമുണ്ടായിരിക്കും. യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് ആയി തിരികെ ലഭിക്കുമെന്നും വിമാനക്കമ്പനികൾ വ്യക്തമാക്കി.
