ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികൾ ഖത്തറിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

 


ദോഹ: ഇന്ത്യൻ മീഡിയ ഫോറം (IMF) ഖത്തർ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഖത്തർ സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ ഗവൺമെന്റും ഖത്തറിലെ ഇന്ത്യൻ എംബസിയും നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്കിനെ അംബാസഡർ പ്രശംസിച്ചു.

ദോഹയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിൽ കൂടി കോൺസുലാർ സേവനം ഉറപ്പാക്കുന്നതിനായി അപെക്സ് ബോഡികളുമായി സഹകരിച്ചുകൊണ്ട് രണ്ട് സേവനകേന്ദ്രങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അംബാസഡർ വ്യക്തമാക്കി. എംബസി നൽകുന്ന കോൺസുലാർ സേവനങ്ങളും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ പരിപാടികളും അർഹമായ പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ മീഡിയ ഫോറത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സ്ഥാനപതി ഉറപ്പുനൽകി.

ഇന്ത്യൻ എംബസി കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വനികുമാറും സന്നിഹിതനായിരുന്നു. ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ, ട്രഷറർ ആർ.ജെ. രതീഷ്, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് കുട്ടി അറളയിൽ, അബ്ബാസ് മുഹമ്മദ്, മുഷ്താഖ് അലവി, ആർ.ജെ. അപ്പുണ്ണി, സത്യേന്ദ്ര പതക്ക് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ