ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കിടയിലും ഖത്തറിന്റെ എൽഎൻജി കയറ്റുമതിയിൽ വർധന; പ്രതിദിനം ശരാശരി 1.4 കാർഗോകൾ അയക്കുന്നതായി റിപ്പോർട്ട്


ദോഹ: ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ തുടരുന്നതിനിടയിലും ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി വർധിച്ചു. യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കാണ് ഖത്തറിന്റെ എൽഎൻജി കയറ്റുമതി എത്തിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഊർജ വിപണി വിവര വിശകലന സ്ഥാപനമായ കെപ്ലർ പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

നവംബർ തുടക്കം മുതൽ ഖത്തറിലെ റാസ് ലഫാൻ കയറ്റുമതി ടെർമിനലിൽ നിന്ന് പ്രതിദിനം ശരാശരി 1.4 എൽഎൻജി കാർഗോകൾ വീതമാണ് അയക്കുന്നത്. മുൻ മാസത്തെ അപേക്ഷിച്ച് ഇത് 25 ശതമാനം വർധനവാണ്. എങ്കിലും സംഘർഷത്തിന് മുമ്പുള്ള കയറ്റുമതി അളവിന്റെ പകുതിയോളം മാത്രമാണ് ഇപ്പോഴും നടക്കുന്നത്.

ശൈത്യകാലത്ത് യൂറോപ്പിലും ഏഷ്യയിലും ഊർജ ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ ഖത്തറിന്റെ കയറ്റുമതിയിലുണ്ടായ വർധന ഈ വിപണികളിലേക്കുള്ള വിതരണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് ഈ മാസം ആദ്യം ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി ടാങ്കറുകളുടെ ഗതാഗതം കുറഞ്ഞിരുന്നു. എന്നാൽ പിന്നീട് കപ്പൽ ഗതാഗതം ക്രമേണ വീണ്ടെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ ഈ ജലപാത വഴിയുള്ള എൽഎൻജി കയറ്റുമതി ഖത്തർ ഏതാണ്ട് നിർത്തിവെച്ചിരുന്നു. ബ്ലൂംബെർഗിന്റെ വിശകലനമനുസരിച്ച്, നിലവിൽ കുറഞ്ഞത് 34 എൽഎൻജി ടാങ്കറുകളെങ്കിലും ഈ പാതയിലൂടെ ഖത്തറിന്റെ കയറ്റുമതി ചരക്കുകൾ നീക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ടാങ്കറുകളുടെ എണ്ണത്തിലുണ്ടായ വർധന കയറ്റുമതി പുനരാരംഭിക്കുന്നതിനും കൂടുതൽ വിപുലീകരിക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.




വളരെ പുതിയ വളരെ പഴയ