ഗുണനിലവാര പരിശോധനയിൽ രാസ ഘടകങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഫെറിൻജെക്റ്റ് (Ferinject) മരുന്നിന്റെ എല്ലാ ബാച്ചുകളും ഖത്തർ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയമാണ് (MoPH) ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഫെറിൻജെക്റ്റ് 50 mg/mL മരുന്ന് നിർമ്മാതാക്കൾ നിശ്ചയിച്ചിട്ടുള്ള രാസ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ മുഴുവൻ ബാച്ചുകളും തിരിച്ചുവിളിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന വിളർച്ചയായ അയൺ ഡെഫിഷ്യൻസി അനീമിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇൻട്രാവീനസ് മരുന്നാണിത്. വായിലൂടെ കഴിക്കുന്ന മരുന്നുകൾ ഫലപ്രദമല്ലാത്ത സാഹചര്യങ്ങളിലാണ് ഡോക്ടർമാർ ഇത് നിർദേശിക്കുന്നത്.
മരുന്നിന്റെ ഗുണനിലവാരവും ചികിത്സാ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. ഖത്തറിൽ വിതരണം ചെയ്യുന്ന ഔഷധങ്ങളുടെ സുരക്ഷ നിരന്തരം നിരീക്ഷിക്കുന്നതായും മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ രോഗികളുടെ സുരക്ഷ മുൻനിർത്തി ISOTEARS-Plus ഐ ഡ്രോപ്പിന്റെ ഉപയോഗം ഉടൻ നിർത്തിവെക്കണമെന്ന് മന്ത്രാലയം നേരത്തെ പൊതുജനങ്ങളോട് നിർദേശിച്ചിരുന്നു.
