അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി; ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടമായി


വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. യു.എസ്. കോൺഗ്രസിന്റെ ഇരുസഭകളിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡെമോക്രാറ്റുകൾ നേടിയത്. ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒട്ടേറെ പ്രമുഖർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

ട്രംപിന്റെ ഭരണശൈലിക്ക് അമേരിക്കൻ ജനത ബാലറ്റിലൂടെ നൽകിയ ശക്തമായ തിരിച്ചടിയായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്. യു.എസ്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഇനി ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യമായിരിക്കും. ടെക്സസ്, കാൻസസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ തുടങ്ങിയ പരമ്പരാഗത ശക്തികേന്ദ്രങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടമായി. 36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ മികച്ച മുന്നേറ്റം കാഴ്ചവച്ചു.

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിശ്വസ്തനായ വിവേക് രാമസ്വാമി പരാജയപ്പെട്ടു. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ആമി ആക്ടനാണ് ഇവിടെ വിജയിച്ചത്. മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ടെക്സസിൽ സെനറ്റ്, ഗവർണർ എന്നീ രണ്ട് പ്രധാന സ്ഥാനങ്ങളും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, ഡെമോക്രാറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് സമ്മതിച്ച ട്രംപ്, കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ തടയാൻ തനിക്ക് വീറ്റോ അധികാരമുണ്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.


വളരെ പുതിയ വളരെ പഴയ