വാഷിങ്ടൺ: ഇസ്രയേലിന് നൽകിവരുന്ന സൈനിക സഹായം ഈ വർഷത്തോടെ അവസാനിപ്പിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇടക്കാല തിരഞ്ഞെടുപ്പ് ദിനത്തിൽ പ്രമുഖ ടി.വി. ചാനലിന് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പ്രതിവർഷം നൽകുന്ന നാല് ബില്യൺ ഡോളറോളം വിലമതിക്കുന്ന സൈനിക സഹായമാണ് അമേരിക്ക അവസാനിപ്പിക്കുന്നത്.
ഇസ്രയേലിന് നിലവിൽ ഇത്തരത്തിലുള്ള സഹായത്തിന്റെ ആവശ്യമില്ലെന്നും അതിന് പകരമായി അവർക്ക് ആവശ്യമായ ആയുധങ്ങൾ വിലയ്ക്ക് നൽകുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്നെയാണ് സഹായം നിർത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻപ് യു.എസിൽ നിന്നുള്ള സഹായം ഘട്ടഘട്ടമായി കുറയ്ക്കുന്നതിനെക്കുറിച്ച് നെതന്യാഹു സൂചിപ്പിച്ചിരുന്നെങ്കിലും ട്രംപിന്റെ പൊടുന്നനെയുള്ള ഈ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
