റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സംഘത്തെ പിടികൂടി സുരക്ഷാ അധികൃതർ. 37 പേരടങ്ങുന്ന വലിയ സംഘത്തെയാണ് പിടികൂടിയത്.
അധികൃതർ പിടികൂടിയ 37 പേരില്‍ ആറ് പേർ മന്ത്രാലയത്തിലെ ജീവനക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 28 സൗദി പൗരന്മാർ, അഞ്ച് സിറിയൻ പൗരത്വം ഉള്ളവർ, രണ്ട് എത്യോപ്യൻ വംശജർ, 2 യമനികള്‍ എന്നിവരും ഉള്‍പ്പെടുന്നു.
റിയാദിലും ഹെയ്ല്‍ മേഖലയിലെ പ്രദേശങ്ങളിലുമായാണ് ഇവർ മയക്കുമരുന്ന് കടത്ത് നടത്തിയത്.
ആംഫെറ്റമിൻ, ഷാബു തുടങ്ങിയ ലഹരി വസ്തുക്കളുടെ കടത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള രണ്ട് പേർ, നാഷണല്‍ ഗാർഡ് മന്ത്രാലയത്തില്‍ നിന്നും രണ്ട് ജീവനക്കാർ, ആഭ്യന്തരം, ആരോഗ്യം മന്ത്രാലയങ്ങളില്‍ നിന്നുള്ള ഓരോ ഉദ്യോഗസ്ഥർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട സർക്കാർ ജീവനക്കാരില്‍ ഉള്‍പ്പെടുന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വലിയ ക്രിമിനല്‍ സംഘം പിടിയിലായത്.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാത്തരം പ്രവർത്തികള്‍ക്കുമെതിരെ സുരക്ഷാ ഏജൻസികള്‍ എപ്പോഴും ജാഗ്രത പാലിക്കുമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവരെയും രാജ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്നവരെയും പിടികൂടുമെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
പൗരന്മാർക്കും പ്രവാസികള്‍ക്കും രാജ്യത്തിന്റെ നിയമങ്ങള്‍ ബാധകമാണെന്നും നിയമം ലംഘിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അധികൃതർ എടുത്തുപറഞ്ഞു.