ജിദ്ദയിൽ മിനി ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം

 


ജിദ്ദ: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക്  സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേ ചെവിടൻ അബ്ദുൽ മജീദ് മുസ്‌ല്യാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.

ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെ അല്ലൈത്തിന് സമീപം ഇന്ന് (ചൊവ്വ) പുലർച്ചെയാണ് അപകടം നടന്നത്. ഫാരിസ് ഓടിച്ചിരുന്ന ഡൈന വാഹനം ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച ഫാരിസ് ജിദ്ദ ജാമിഅ ഖുവൈസിലായിരുന്നു താമസിച്ചിരുന്നത്..

ഫാരിസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ യുവാവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി അല്ലൈത്ത് കമ്മിറ്റി, ജിദ്ദ വെൽഫയർ വിങ് പ്രവർത്തർകർ രംഗത്തുണ്ട്.

വളരെ പുതിയ വളരെ പഴയ