സൗദിയില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇനി മുതൽ മൂന്ന് വിഭാഗം; 60 വയസു കഴിഞ്ഞവര്‍ക്ക് ജോലിയില്ല:സാമൂഹിക വികസന മന്ത്രാലയം


റിയാദ്: തൊഴില്‍ നൈപുണ്യത്തിന്‍റെ അടിസ്ഥാനത്തില്‍ വിദേശ തൊഴിലാളികളെ ഉന്നത വൈദഗ്ധ്യം, നൈപുണ്യം, അടിസ്ഥാന പരിജ്ഞാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഇനി വർക്ക് പെർമിറ്റ് അനുവദിക്കുകയെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അല്‍റാജ്ഹിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

തൊഴില്‍ നൈപുണ്യത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രായോഗിക പരിചയത്തിന്റെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിലുള്ള തരം തിരിവ് പ്രകാരം മൂന്നാമത്തെ അടിസ്ഥാന വിഭാഗത്തില്‍പെടുന്നവർക്ക് 60 വയസു കഴിഞ്ഞാല്‍ ജോലി നഷ്ടപ്പെടും. കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് തരംതിരിവ്.

രണ്ട് ഘട്ടങ്ങളായാണ് പുതിയ നിയമം നടപ്പാക്കുക. ഈ വർഷം ജൂലൈ ആറ് മുതല്‍ ആരംഭിച്ച ആദ്യഘട്ടത്തില്‍ നിലവില്‍ രാജ്യത്തുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റുകള്‍ ശമ്പളത്തിന്റെയും ജോലിയുടെയും അടിസ്ഥാനത്തില്‍ തരംതിരിക്കും.

 ആഗസ്റ്റ് മൂന്ന് മുതലുള്ള രണ്ടാം ഘട്ടത്തില്‍ സൗദിയില്‍ പുതുതായി എത്തുന്നവർക്കുള്ള വർക്ക് പെർമിറ്റുകളാണ് തരംതിരിക്കുക. 

നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒരു വിഭാഗത്തില്‍ നിന്ന് അടുത്ത വിഭാഗത്തിലേക്ക് മാറാൻ സാധിക്കും. തരംതിരിക്കല്‍ സംവിധാനം മന്ത്രാലയത്തിന്റെ 'ഖിവ' പ്ലാറ്റ്‌ഫോമിലെ തൊഴില്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ ലഭ്യമാകും.

ഇത് സംബന്ധിച്ച്‌ മാർഗ നിർദേശക ഗൈഡും പുറത്തിറക്കിയിട്ടുണ്ട്. ഉന്നത വൈദഗ്ധ്യ വിഭാഗം, നൈപുണ്യ വിഭാഗം, അടിസ്ഥാന വിഭാഗം എന്നിങ്ങനെയാണ് വർക്ക് പെർമിറ്റില്‍ രേഖപ്പെടുത്തുക. 

തസ്തികക്ക് ആവശ്യമായ അക്കാദമിക് യോഗ്യത, പ്രായോഗിക പരിചയം (എത്ര വർഷത്തെ പരിചയമെന്ന കണക്ക്), അക്രഡിറ്റേഷൻ പ്രോഗ്രാമുകളെയും തൊഴിലിന്റെ സ്വഭാവത്തെയും അടിസ്ഥാനമാക്കിയുള്ള പ്രഫഷണല്‍ ശേഷി, ശമ്പളം എന്നിവയാണ് മാനദണ്ഡങ്ങള്‍. ഓരോ വിഭാഗത്തിനും പ്രത്യേക മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കണം, എത്ര വർഷത്തെ പ്രായോഗിക പരിചയം വേണം, ശമ്പളം എത്ര, പ്രഫഷനല്‍ വൈദഗ്ധ്യം എങ്ങനെ എന്നിങ്ങനെ മാനദണ്ഡങ്ങളില്‍ വിഭാഗത്തിന് അനുസരിച്ച്‌ മാറ്റം വരും.

ഉന്നത വൈദഗ്ധ്യ വിഭാഗം എന്ന വിഭാഗത്തില്‍ മാനേജർമാർ, സ്പെഷ്യലിസ്റ്റുകള്‍, ടെക്നീഷ്യന്മാർ, അസിസ്റ്റൻറ് സ്പെഷ്യലിസ്റ്റുകള്‍ എന്നിവയാണ് ഉള്‍പ്പെടുക. 

'സൗദി ഏകീകൃത തൊഴില്‍ വർഗീകരണ' നിയമാവലി പ്രകാരം നിശ്ചയിച്ചിട്ടുള്ള അക്രഡിറ്റേഷൻ പ്രോഗ്രാമും പോയിൻറ് സിസ്റ്റവും ഈ വിഭാഗത്തില്‍പ്പെടുന്നവർ പാസാകണം. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ശമ്പളത്തേക്കാള്‍ കുറവായിരിക്കരുത്.

'നൈപുണ്യ' വിഭാഗത്തിലുള്ളവർ തൊഴില്‍ വർഗീകരണ നിയമാവലിയിലെ നാല് മുതല്‍ എട്ട് വരെയുള്ള ഗ്രൂപ്പുകളില്‍ ഉള്‍പ്പെടും. ശമ്പളം മന്ത്രാലയം നിശ്ചയിക്കുന്നതിനെക്കാള്‍ കുറവായിരിക്കരുത്. 

നിയുക്ത അക്രഡിറ്റേഷൻ പ്രോഗ്രാം പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. 'അടിസ്ഥാന' വിഭാഗത്തിലുള്ളവർ വർഗീകരണ നിയമത്തിലെ ഒമ്പതാം ഗ്രൂപ്പിലാണ് ഉള്‍പ്പെടുക. നിർദ്ദിഷ്ട സർട്ടിഫിക്കേഷൻ പ്രോഗ്രാമിെൻറ മാനദണ്ഡങ്ങള്‍ പാലിക്കണം. ഈ വിഭാഗത്തില്‍ തൊഴിലാളിക്ക് 60 വയസ് കവിയാൻ പാടില്ല.

വളരെ പുതിയ വളരെ പഴയ