മനാമ: ബഹ്റൈനിലെ നീണ്ട രണ്ട് ദശാബ്ദത്തെ ദുരിത ജീവിതത്തിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രവാസി മലയാളിയും കുടുംബവും നാടണഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്. കണ്ണൂർ സ്വദേശിയായ അഷ്റഫ്, ഭാര്യ റംഷീദ, രണ്ട് പെണ്‍മക്കള്‍ എന്നിവരടങ്ങിയ കുടുംബം സ്വന്തം നാടിന്റെ സുരക്ഷയിലേക്ക് മടങ്ങുകയാണ്.
18 വർഷത്തോളം ആരുമറിയാതെ ജീവിച്ചു തീർത്ത ദുരിതത്തിന്റെ കഥയാണ് അഷിറഫിന് പറയാനുള്ളത്.
18 വർഷത്തിലേറെയായി അഷ്റഫും കുടുംബവും ഔദ്യോഗിക രേഖകളില്ലാതെയാണ് ബഹ്റൈനില്‍ ജീവിച്ചു പോന്നത്. റിഫയിലുള്ള ചെറിയ വാടക മുറിയ്ക്കുള്ളിലായിരുന്നു താമസം. സാധുവായ വിസയോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല.
2013ല്‍ അഷ്റഫിന്റെ ഭാര്യയുടെയും 2012ല്‍ മൂത്ത മകളുടെയും വിസ കാലാവധി അവസാനിച്ചതോടെ തീരാ ദുരിതത്തിലേക്ക് ഇവർ ചെന്നുപെട്ടു. ബഹ്റൈനില്‍ വെച്ച് 2012ലായിരുന്നു ഇളയ മകളായ അറഫ ഫാത്തിമയുടെ ജനനം.
എന്നാല്‍, മകള്‍ക്ക് പാസ്പോർട്ടോ സിപിആറോ ജനന സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. നിയമ പരമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ സ്കൂളില്‍ ചേർന്ന് പഠിക്കാനുള്ള അവസരവും അറഫയ്ക്ക് ലഭിച്ചിരുന്നില്ല.
രേഖകളില്ലാത്തതിനാല്‍ അഷ്റഫിന് ജോലിയുണ്ടായിരുന്നില്ല, കൂടാതെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും കഴിയാതെയായി. ചെറുകിട ജോലികള്‍ ചെയ്താണ് അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്.
അറസ്റ്റ് ഭയന്ന് അസുഖം വന്നാല്‍ പോലും ആശുപത്രിയില്‍ പോകാൻ കഴിയാത്ത ദിനങ്ങള്‍. ഭയത്തിന്റെ നിഴലിൽ ഓരോ ദിവസവും അഷ്റഫും കുടുംബവും തള്ളി നീക്കുകയായിരുന്നു.
അഷ്റഫിന് വൃക്ക രോഗം ബാധിച്ചതോടെ കുടുംബം കൂടുതല്‍ ദുരിതത്തിലാണ്ടു പോയി. രോഗം കൂടുതൽ മൂർച്ഛിച്ചു. സാധുവായ രേഖകളോ പണമോ ഇല്ലാത്തത് ചികിത്സ ലഭിക്കുന്നതില്‍ വില്ലനായി മാറി.
വൈകാതെ അഷ്റഫിന്റെ ദുരിത ജീവിതത്തെപ്പറ്റി കേട്ടറിഞ്ഞ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് സുധീർ തിരുനിലത്ത് സഹായവുമായെത്തുകയായിരുന്നു.
അദ്ദേഹം ഡോ.റിതിൻ രാജ്, രാജി ഉണ്ണികൃഷ്ണൻ എന്നിവർ ഉള്‍പ്പെടുന്ന പിഎല്‍സി അംഗങ്ങള്‍ക്കൊപ്പം അഷ്റഫിന്റെ കുടുംബത്തെ ദുരിതത്തില്‍ നിന്നും കര കയറ്റാൻ പരിശ്രമങ്ങള്‍ ആരംഭിച്ചു.
അഷ്റഫിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അത്യാവശ്യ ചികിത്സ ഉടൻ തന്നെ ഉറപ്പാക്കുകയും ചെയ്തു. കിംസ് ഹെല്‍ത്ത് ആശുപത്രിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസിന്റെ പിന്തുണയോടെ കുറഞ്ഞ ചെലവില്‍ അഷ്റഫിന് ഡയാലിസിസ് ചെയ്തു.
മരുന്ന്, ഭക്ഷണം, വാടക തുടങ്ങി അഷ്റഫിനും കുടുംബത്തിനും ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും പ്രവാസി ലീഗല്‍ സെല്‍ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു.
ജനിച്ചത് ബഹ്റൈനില്‍ ആണെങ്കിലും ഇളയ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. അഡ്വ. താരിഖ് അലോണിന്റെ സഹായത്തോടെ അറഫയ്ക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
പാർലമെന്റ് അംഗമായ ഹസൻ ഈദ് ബുക്കമ്മാസ് ഇടപെട്ടതോടെ നടപടി ക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലായി. ഒടുവില്‍ ഇളയ കുട്ടിയുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
പാസ്പോർട്ട് റിപ്പോർട്ടുകള്‍, എമർജൻസി രേഖകള്‍, യാത്ര രേഖകള്‍ തുടങ്ങിയവയെല്ലാം പ്രവാസി ലീഗല്‍ സെല്‍ ലഭ്യമാക്കിയെങ്കിലും 13 വർഷത്തിലധികം കാലം രേഖകളില്ലാതെ രാജ്യത്ത് തങ്ങിയതിനാല്‍ വലിയൊരു തുക പിഴ നൽകേണ്ടി വന്നു.
എന്നാല്‍, അഷ്റഫിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ പരിഗണിച്ച് ബഹ്റൈൻ ഇമിഗ്രേഷൻ അതോറിറ്റി പിഴ കുറയ്ക്കുകയും അഷ്റഫിനെയും കുടുംബത്തെയും നാട്ടിലേക്ക് പോകാൻ നിയമപരമായി വഴിയൊരുക്കുകയും ചെയ്തു.
ഇവർക്കുള്ള യാത്രാ ചെലവുകള്‍ ഇന്ത്യൻ എംബസി ചെയ്തു നല്‍കി. ഒടുവില്‍ ഇന്നലെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു.
അഷ്റഫിനെയും കുടുംബത്തെയും നാട്ടിലെത്തിക്കുന്നതിനായി അത്യന്തം പരിശ്രമിച്ച പ്രവാസി ലീഗല്‍ സെല്‍ അംഗങ്ങളായ ഫൈസല്‍ പട്ടാണ്ടി, പ്രസന്ന വർധൻ, ഗംഗാധർ റാവു, സാബു ചിറമ്മല്‍, ഫസീല തുടങ്ങി എല്ലാവരോടും സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.
വളരേ നിശബ്ദവും ഭയാനകവുമായ ദുരിത ജീവിതത്തില്‍ നിന്നുമാണ് അഷ്റഫും കുടുംബവും ഏറെ പ്രതീക്ഷകളോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
സാധാരണ യാത്രക്കാരെ പോലെയല്ല ഈ കുടുംബം, മറിച്ച് ഇരുള്‍ നിറഞ്ഞ പ്രവാസ ജീവിതത്തെ അതിജീവിച്ചാണ് ഈ നാലു പേരും സ്വന്തം നാടിന്റെ സ്നേഹവും കരുതലും ഏറ്റുവാങ്ങിക്കൊണ്ട് വിമാനമിറങ്ങുന്നത്.