ദോഹ: ബോയിങ് 777 വിമാനങ്ങളിലെ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റലേഷന്‍ അതിവേഗം പൂര്‍ത്തിയാക്കി ഖത്തര്‍ എയര്‍വേസ്. രണ്ട് വര്‍ഷം കൊണ്ട് പദ്ധതിയിട്ട ഇന്‍സ്റ്റലേഷന്‍ 9 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ഖത്തര്‍ എയര്‍വേസിന്റെ വൈഡ്ബോഡി വിമാനമാണ് ബോയിങ് 777. സ്റ്റാര്‍ലിങ്കുമായി സഹകരിച്ച് ഇന്‍ഫ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആദ്യം നല്‍കിത്തുടങ്ങിയത് ഈ വിമാനങ്ങളിലാണ്.
ദീര്‍ഘദൂര, അള്‍ട്രാ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബോയിങ് 777 വിമാനങ്ങളില്‍ രണ്ട് വര്‍ഷം കൊണ്ട് സേവനം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 9 മാസം കൊണ്ട് തന്നെ ലക്ഷ്യം പൂര്‍ത്തീകരിച്ചതായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.
വിമാന സര്‍വീസുകളെ ബാധിക്കാതെ തന്നെ ഇന്‍സ്റ്റലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പ്രീമിയം, ഇക്കണോമി ക്യാബിനുകളിലെ യാത്രക്കാർക്ക് 500 എംബിപിഎസ് വരെ വേഗത്തില്‍ വിമാനത്തില്‍ സൗജന്യ വൈഫൈ ലഭ്യമാണ്.
സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോണ്‍ഫറന്‍സുകള്‍, ലൈവ് മത്സരങ്ങള്‍ തുടങ്ങി വീട്ടിലിരുന്ന് ചെയ്യാവുന്നതെല്ലാം ഇനി ആകാശത്തും നടക്കും.
ബോയിങ് 777 വിമാനങ്ങള്‍ക്ക് പിന്നാലെ ഖത്തര്‍ എയര്‍വേസിന്റെ എയര്‍ബസ് 350 വിമാനങ്ങളിലും വൈഫൈ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.