കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 13 പേരുടെ മരണം സ്ഥിരീകരിച്ചു

 


കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കായാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടമായാതായാണ് വിവരം. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമ നടപടികൾ പൂർത്തിയാക്കണ്ടതുണ്ട്. മരിച്ചവരിൽ അഞ്ച് മലയാളികളുണ്ടെന്നാണ് സൂചന. നാല് തമിഴ്‌നാട് സ്വദേശികൾക്കും ആന്ധ്രാപ്രദേശിൽ നിന്നുള്ള രണ്ട് പേർക്കും ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾക്കും ജീവൻ നഷ്ടമായി.

ചികിത്സയിൽ കഴിയുന്ന പലരുടെയും കിഡ്നി തകരാറിലായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കുവൈത്തിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നാട്ടിലുളളവർക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പർ സേവനവും എംബസി ലഭ്യമാക്കുന്നുണ്ട്. മദ്യത്തിൽ മെഥനോൾ കലർന്നതാണ് അപകട കാരണം എന്നാണ് കണ്ടെത്തൽ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. മലയാളികൾ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം.

വളരെ പുതിയ വളരെ പഴയ