ദോഹ: അബു സംറ അതിർത്തി വഴി രാജ്യത്തേക്ക് ഗണ്യമായ അളവില്‍ മെഷീൻ ഗണ്‍ ബുള്ളറ്റുകള്‍ കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി ഖത്തർ ലാൻഡ് കസ്റ്റംസ് വകുപ്പ്.
കാറിനുള്ളില്‍ രഹസ്യ അറയുണ്ടാക്കി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 300 മെഷീൻ ഗണ്‍ വെടിയുണ്ടകളാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്.
എ കെ-47 റൈഫിളില്‍
നിറയ്ക്കാനുപയോഗിക്കുന്നവയാണ് പിടിച്ചെടുത്ത വെടിയുണ്ടകള്‍. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
15 പെട്ടികളിലായാണ് വെടിയുണ്ടകള്‍ സൂക്ഷിച്ചിരുന്നത്. ഡ്രൈവർ സീറ്റിനും മുൻ യാത്രക്കാരന്റെ സീറ്റിനും ഇടയിലുള്ള കാറിന്റെ സെൻട്രല്‍ സ്റ്റോറേജ് ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഈ പെട്ടികളെല്ലാം കണ്ടെത്തിയത്.
ആർക്കും സംശയം തോന്നാത്ത വിധം സമർത്ഥമായാണ് വെടിയുണ്ടകള്‍ അടങ്ങിയ പെട്ടികള്‍ കാറിന്റെ സെൻട്രല്‍ സ്റ്റോറേജ് ഭാഗത്ത് സൂക്ഷിച്ചിരുന്നത്.
അബു സംറ അതിർത്തിയില്‍ നിന്ന് വാഹനം പെട്ടെന്ന് കടന്നു പോകാൻ നടത്തിയ ശ്രമം കണ്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും തുടർന്ന്, കാർ തടഞ്ഞു നിർത്തി യാത്രക്കാരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ വാഹനത്തിലുണ്ടായിരുന്നവരുടെ അസ്വാഭാവികമായ പെരുമാറ്റവും പരസ്പര ബന്ധമില്ലാത്ത മറുപടിയും ആയതോടെ വാഹനം മുഴുവൻ പരിശോധിക്കുകയായിരുന്നു.
കള്ളക്കടത്ത് ശ്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. അന്വേഷണം തുടരുന്നതിനാല്‍ ഇവരുടെ വിവരങ്ങള്‍ അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ഖത്തർ കസ്റ്റംസ് പുറത്തു വിട്ടിട്ടുണ്ട്.