റിയാദ്: അന്താരാഷ്ട്ര ബ്രാൻഡുകളുടെ ട്രേഡ്മാർക്കുകൾ വ്യാജമായി ഉപയോഗിച്ച് സ്വർണാഭരണങ്ങൾ നിർമിച്ച് വിതരണം ചെയ്തിരുന്ന അനധികൃത ആഭരണ ഫാക്ടറിയിൽ സൗദി വാണിജ്യ മന്ത്രാലയം റെയ്ഡ് നടത്തി. രഹസ്യ നിരീക്ഷണവും അന്വേഷണവും വഴി കണ്ടെത്തിയ ഈ ഫാക്ടറിയിൽനിന്ന് 9.2 കിലോഗ്രാം ഭാരമുള്ള 1,368 സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്നിവയുമായി സഹകരിച്ചാണ് റെയ്ഡ് നടത്തിയത്.
അത്യാധുനിക ഉപകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ഫാക്ടറി, നിയമവിരുദ്ധമായി വ്യാപാരമുദ്രകൾ ദുരുപയോഗം ചെയ്ത് വ്യാജ ആഭരണങ്ങൾ നിർമിച്ചിരുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പിടിച്ചെടുത്ത ആഭരണങ്ങൾ വിതരണത്തിനായി സൂക്ഷിച്ചിരുന്നവയാണ്. ഫാക്ടറി ഉടമയെയും വിദേശ തൊഴിലാളികളുൾപ്പെടെ ജീവനക്കാരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.