ദുബായ്: യുഎഇ ദിർഹത്തിനെതിരെ ആദ്യമായി 24 എന്ന റെക്കോർഡ് സംഖ്യയിലേക്ക് താഴ്ന്ന് ഇന്ത്യൻ രൂപ. ആഗസ്റ്റ് 27 മുതല്‍ ഇന്ത്യൻ കയറ്റുമതിക്ക് 50% തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിയുടെ പശ്ചാത്തലത്തില്‍ രൂപ കടുത്ത സമ്മർദ്ദത്തിലാണ്.
യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാൻ ഏറ്റവും അനുകൂലമായ സമയമാണിത്.
യുഎഇയിലെ പ്രമുഖ റെമിറ്റൻസ് പ്ലാറ്റ്ഫോമുകള്‍ ഒരു ദിർഹത്തിന് 23.95 മുതല്‍ 24 വരെ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എക്സ്ചേഞ്ച് ഹൗസുകള്‍ 23.91 രൂപ, ബാങ്കുകള്‍ 23.81 രൂപ എന്നിങ്ങനെയുമാണ് വാഗ്ദാനം ചെയ്യുന്നത്.
സൗദി അറേബ്യയില്‍ ഒരു റിയാലിന് 23.51 രൂപയും ഖത്തറില്‍ 24.21 രൂപയുമാണ് ലഭിക്കുന്നത്. ഈ വർഷം ഫെബ്രുവരിയില്‍ രൂപയുടെ മൂല്യം 23.94 ആയി താഴ്ന്നിരുന്നു.
"യുഎസ് തീരുവയും ആഗോള വിപണിയിലെ ചൈനീസ് യുവാനെതിരെയുള്ള രൂപയുടെ ദുർബലതയും കറൻസിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്".
ദുബായ് ആസ്ഥാനമായുള്ള ഒരു റെമിറ്റൻസ് പ്ലാറ്റ്ഫോമിലെ ട്രഷറി മാനേജർ നീലേഷ് ഗോപാലൻ വ്യക്തമാക്കി.
ദിർഹമിനെതിരെയുള്ള രൂപയുടെ പ്രധാനപ്പെട്ട തകർച്ചകള്‍
2020 മാർച്ച് 5: ദിർഹത്തിനെതിരെ 20
2022 മെയ് 9: ദിർഹത്തിനെതിരെ 21
2022 സെപ്റ്റംബർ: ദിർഹത്തിനെതിരെ 22
2023 നവംബർ 29: ദിർഹത്തിനെതിരെ 23
2025 ഓഗസ്റ്റ് 29: ദിർഹത്തിനെതിരെ 24
ഡോളറിനെതിരെയും രൂപയുടെ അവസ്ഥ ദുർബലമാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 88.2-ല്‍ എത്തി.
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
"യുഎസ്-ഇന്ത്യ വ്യാപാര സംഘർഷവും വിദേശ നിക്ഷേപകർ ഇന്ത്യൻ ആസ്തികള്‍ വിറ്റഴിക്കുന്നതുമാണ് രൂപയുടെ മൂല്യം താഴാൻ പ്രധാന കാരണം," ചാർട്ട് അനലിറ്റിക്സ്.കോ.ഇൻ സ്ഥാപകൻ ഫോറം ഛേഡ വിശദീകരിച്ചു.