ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികൾ

 


കുവൈത്ത് സിറ്റി : ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍. ഗള്‍ഫ് രാജ്യങ്ങളിലെ ആകെ തൊഴിലാളികള്‍ 2.46 കോടിയിലേറെയാണ്. ഇതില്‍ 78 ശതമാനവും പ്രവാസികളാണെന്ന് കുവൈത്തില്‍ നടന്ന ജി.സി.സി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാരുടെ 11-ാമത് യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിച്ച ജി.സി.സി സാമ്പത്തിക വികസനകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍സുനൈദി പറഞ്ഞു.

തൊഴില്‍ നയം സുസ്ഥിര വളര്‍ച്ചയുടെ മൂലക്കല്ലാണ്. തൊഴില്‍ നിയന്ത്രണങ്ങള്‍ ഏകീകരിക്കുക, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, പ്രാദേശിക, ആഗോള തലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

സ്വദേശികളെ നിയമിക്കുന്നതിനും വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിനും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ജി.സി.സി സര്‍ക്കാരുകളോട് ഖാലിദ് അല്‍സുനൈദി ആവശ്യപ്പെട്ടു.

ആഗോള സാമ്പത്തിക മാറ്റങ്ങള്‍ തുടര്‍ച്ചയായ സഹകരണം ആവശ്യപ്പെടുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനം തൊഴില്‍ വിപണിയില്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുന്നു. നാലാം വ്യാവസായിക വിപ്ലവം കാരണം 20 വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ജോലികളില്‍ പകുതിയോളം തടസ്സപ്പെടുമെന്ന് പഠനങ്ങള്‍ പ്രവചിക്കുന്നു. ഗള്‍ഫ് സമ്പദ്വ്യവസ്ഥകള്‍ തൊഴില്‍ ശക്തി പരിശീലനം ത്വരിതപ്പെടുത്തുകയും പ്രതിരോധശേഷി ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ സംവിധാനങ്ങള്‍ പൊരുത്തപ്പെടുത്തുകയും ചെയ്യണമെന്ന് ഖാലിദ് അല്‍സുനൈദി ആവശ്യപ്പെട്ടു.

സംയുക്ത തൊഴില്‍ തന്ത്രങ്ങള്‍ നടപ്പാക്കാനും പങ്കിട്ട വെല്ലുവിളികള്‍ നേരിടാനുമുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രതിബദ്ധത കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ഉതൈബി ആവര്‍ത്തിച്ചു. സ്വകാര്യ മേഖലയിലെ തൊഴില്‍, സ്വദേശിവല്‍ക്കരണം, സാമൂഹിക സുരക്ഷ, തൊഴില്‍ വികസനം, തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവക്കുള്ള പ്രോഗ്രാമുകള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മര്‍സൂഖ് അല്‍ഉതൈബി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ