ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം പ്രവാസി സമൂഹത്തെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
ദോഹ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏറ്റെടുത്തു. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഒറ്റയ്ക്ക് നടത്തിയ ഓപ്പറേഷനാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
“ഇസ്രയേലാണ് ആക്രമണത്തിന് മുൻകൈ എടുത്തത്, നടപ്പിലാക്കിയത്, മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു,” എന്ന് പ്രസ്താവനയില്‍ പറയുന്നു.
താമസ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തെ ഖത്തർ ഭീരുത്വ പൂർണ്ണവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് വിമർശിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തല്‍ ചർച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഖത്തർ, ഈ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥ റോള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ആക്രമണം മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ഇസ്രയേലിന്റെ നീക്കത്തെ ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമായി സൗദി വിശേഷിപ്പിച്ചു. ഈ ക്രൂരമായ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണ നല്‍കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.
ഖത്തർ അമീറിനെ ഫോണില്‍ വിളിച്ച് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സല്‍മാൻ പൂർണ പിന്തുണ അറിയിച്ചു. മേഖലയില്‍ സ്ഥിരത തകർക്കുന്ന ഇത്തരം നടപടികള്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും സൗദി നല്‍കുന്നു.
ദോഹയിലെ കത്താറയില്‍ നടന്ന ഈ ആക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാവ് ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
യുഎഇയും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിനെതിരായ ഭീരുത്വപരമായ നടപടിയാണ് ഇസ്രയേലിന്റെ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആല്‍ നഹ്യാൻ വ്യക്തമാക്കി.
ഖത്തറിന് പൂർണ പിന്തുണ നല്‍കുന്നതായും യുഎഇ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ആക്രമണം മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കുമെന്ന ആശങ്കയും യുഎഇ പ്രകടിപ്പിച്ചു.
ആക്രമണത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇസ്രയേല്‍ പ്രവർത്തിച്ചതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ദിവസം മുമ്പ് ഹമാസിന് അവസാന മുന്നറിയിപ്പ് നല്‍കിയ ട്രംപ്, വെടിനിർത്തല്‍ ധാരണകള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ “ഇത് അവസാന മുന്നറിയിപ്പാണ്, ഇനി മറ്റൊരെണ്ണം ഉണ്ടാകില്ല,” എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഗാസയിലെ വെടിനിർത്തല്‍ ചർച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം അഞ്ച് ഹമാസ് ഭീകര നേതാക്കൾ കൊല്ലപ്പെട്ടെന്നും ഹമാസ് ഇത് സ്ഥിരീകരിച്ചെന്നും പറയുന്നു.
ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി ഖത്തര്‍ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി.
ഖത്തറിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടു വിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല,' ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.