ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്‌കൈ ജ്വല്ലറിയുടെ ചെയര്‍മാന്‍ ബാബു ജോണിന്റെ മകന്‍ ജേക്കബ് പാലത്തുമ്മാട്ടു ജോണ്‍ (അരുണ്‍-46) ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് അന്തരിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമായിരുന്നു.
തിങ്കളാഴ്ച രാത്രി ദുബായിലെ വീട്ടില്‍ അരുണ്‍ തനിച്ചായിരുന്നു. അതുകൊണ്ട് തന്നെ കുഴഞ്ഞു വീണപ്പോള്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചതുമില്ല.
ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും അരുണിന് ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബം. അരുണിന് ഭാര്യയും 15ഉം 12ഉം വയസ്സുള്ള മക്കളുമുണ്ട്.
അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവില്‍ കേരളത്തിലാണ്. ദുബായിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
കമ്പനിയുടെ യുഎഇ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അരുണ്‍ സ്ഥാപനത്തിന്റെ പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. ബിസിനസ് വിപുലപ്പെടുത്തുന്നതില്‍ അടക്കം നിര്‍ണായക റോള്‍ വഹിച്ചിരുന്നു.
അരുണിനോടുള്ള ആദര സൂചകമായി സ്‌കൈ ജ്വല്ലറിയുടെ കേരളത്തിലെ ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച അടച്ചിട്ടു. അരുണിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം ദുബായിലെ സ്ഥാപനങ്ങളും അടച്ചിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.