പ്രവാസികൾക്ക് സന്തോഷ വാർത്ത: യുഎഇയില്‍ സെക്കന്റുകള്‍ക്കുള്ളില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ പണം അയക്കാം; വിപ്ലവം സൃഷ്ടിച്ച് 'ആനി' പ്ലാറ്റ്‌ഫോം


ദുബായ്: യുഎഇയില്‍ ഇനി ബാങ്ക് അക്കൗണ്ട് നമ്പറോ ഐബാൻ നമ്പറോ ഇല്ലാതെ സെക്കന്റുകള്‍ക്കുള്ളില്‍ മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ പണം അയക്കാം.

2023 ഒക്ടോബറില്‍ യുഎഇ സെൻട്രല്‍ ബാങ്കിന്റെ (സിബിയുഎഇ) അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്റ്സ് (എഇപി) ആരംഭിച്ച 'ആനി' പ്ലാറ്റ്ഫോാണ് ലൈവ് പേയ്മെന്റ് സംവിധാനം സാധ്യമാക്കുന്നത്. 

ലൈസൻസുള്ള ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വേഗമേറിയതും സുരക്ഷിതവുമായ ഇടപാടുകള്‍ക്ക് വഴിയൊരുക്കുകയാണ് ആനി പ്ലാറ്റ്ഫോം.

ആനിയുടെ അഞ്ച് പ്രധാന സവിശേഷതകള്‍ അറിയാം

മൊബൈല്‍ നമ്പർ വഴിയുള്ള മണി ട്രാൻസ്ഫർ

 സ്വീകർത്താവിന്റെ ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ പണം അയക്കാം.

പണം അഭ്യർത്ഥിക്കല്‍ 

ആവശ്യമുള്ള തുക എളുപ്പത്തില്‍ അഭ്യർത്ഥിക്കാം.

ബില്‍ വിഭജനം: സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ തമ്മില്‍ ബില്ലുകള്‍ വിഭജിച്ച്‌ പങ്കിടാം.

ക്യു ആർ കോഡ് പേയ്മെന്റ് 

കടകള്‍, റെസ്റ്റോറന്റുകള്‍, ബിസിനസുകള്‍ എന്നിവിടങ്ങളില്‍ ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം. ഈ സംവിധാനം ഉടൻ നടപ്പാക്കുമെന്ന് സിബിയുഎഇ അറിയിച്ചു.

പേയ്മെന്റ് മാനേജ്മെന്റ് 

പേയ്മെന്റ് അഭ്യർത്ഥനകള്‍ സ്വീകരിക്കുകയോ നിരസിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യാം. ഓരോ ഇടപാടിന്റെയും പരമാവധി പരിധി 50,000 ദിർഹമാണ്.

ആനി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്ന വിധം അറിയാം

'ആനി' പ്ലാറ്റ്ഫോം യുഎഇയിലെ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളുമായി മാത്രമാകും സഹകരിക്കുക. നിലവില്‍ എട്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഈ സംവിധാനവുമായി സഹകരിക്കുന്നത്. 

ഉപയോക്താക്കള്‍ക്ക് ഇതിലുള്ള ബാങ്കുകളുടെ മൊബൈല്‍ ആപ്പ് വഴിയോ, ആപ്പിള്‍, ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ലഭ്യമായ 'ആനി' മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ ഇത് ഉപയോഗിക്കാം. എന്നാല്‍, ആനി ഉപയോഗിക്കാൻ ഒരു ലൈസൻസുള്ള ധനകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

'ആനി'യുമായി സഹകരിക്കുന്ന പ്രധാന ബാങ്കുകള്‍

• എ.ഡി.സി.ബി

• എ.ഡി.ഐ.ബി

• അജ്മാൻ ബാങ്ക്

• അല്‍ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്

• അല്‍ അൻസാരി എക്സ്ചേഞ്ച്

• അല്‍ ഫർദാൻ എക്സ്ചേഞ്ച്

• അല്‍ ഹിലാല്‍ ബാങ്ക്

• ദുബായ് ഇസ്ലാമിക് ബാങ്ക്

• എമിറേറ്റ്സ് ഇസ് ലാമിക്

• എച്ച്‌എസ്ബിസി

• മഷ്രെഖ്

• ഷാർജ ഇസ് ലാമിക് ബാങ്ക്

• റാക്ബാങ്ക് (ഇതര ബാങ്കുകളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു)

'ആനി' വഴി പണം അയക്കുന്നത് എങ്ങനെ?

ഘട്ടം 1: 'ആനി'യില്‍ എൻറോള്‍ ചെയ്യുക

നിങ്ങളുടെ ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി 'ആനി'യില്‍ എൻറോള്‍ ചെയ്യുക. മേല്‍പ്പറഞ്ഞ ലിസ്റ്റിലെ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട് 'ആനി'യുമായി ലിങ്ക് ചെയ്യുക. 

എമിറേറ്റ്സ് ഐഡി, മൊബൈല്‍ നമ്പമ്പർ, സുരക്ഷാ പിൻ അല്ലെങ്കില്‍ ഓണ്‍ലൈൻ ബാങ്കിംഗ് പാസ്വേഡ് എന്നിവ ഉപയോഗിച്ച്‌ വിവരങ്ങള്‍ സ്ഥിരീകരിക്കണം. ബാങ്കിനെ ആശ്രയിച്ച്‌ പ്രക്രിയ ചെറുതായി വ്യത്യാസപ്പെടാം.

ഘട്ടം 2: സ്ഥിരീകരണം

എൻറോള്‍മെന്റ് വിജയകരമായാല്‍, 'ആനി' പ്ലാറ്റ്ഫോമില്‍ ചേർന്നതിന്റെ സ്ഥിരീകരണം ഇമെയില്‍ വഴി ലഭിക്കും.

ഘട്ടം 3: മണി ട്രാൻസ്ഫർ

നിങ്ങളുടെ ബാങ്ക് ആപ്പിലെ 'ട്രാൻസ്ഫറുകള്‍' വിഭാഗത്തില്‍ 'ആനി'യുമായി ബന്ധപ്പെട്ട ഓപ്ഷനുകള്‍ കാണാം. ഇതില്‍ 'പണം അയക്കുക', 'പണം അഭ്യർത്ഥിക്കുക', 'സ്കാൻ ചെയ്ത് പണമടയ്ക്കുക', 'ബില്‍ വിഭജിക്കുക' തുടങ്ങിയവ ഉള്‍പ്പെടുന്നു. സ്വീകർത്താവിന്റെ മൊബൈല്‍ നമ്പർ നല്‍കി 10 സെക്കൻഡിനുള്ളില്‍ പണം ട്രാൻസ്ഫർ ചെയ്യാം.

അല്‍ ഇത്തിഹാദ് പേയ്മെന്റ്സ് അനുസരിച്ച്‌, ഇടപാട് ഫീസ് ഓരോ ബാങ്കും നിശ്ചയിക്കും. ഈ നൂതന സംവിധാനം യുഎഇയിലെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വളരെ പുതിയ വളരെ പഴയ