മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള സുപ്രധാന നീക്കത്തില്‍, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ച് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ഒമാൻ റോയല്‍ പൊലിസ്.
ഒമാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും മയക്കുമരുന്ന് കടത്തുകയും രാജ്യത്തിനകത്ത് മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്ത അന്താരാഷ്ട്ര സംഘത്തിലെ കണ്ണികളാണ് പിടിയിലായ ഈ അഞ്ചു പേരുമെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നടത്തിയ റെയ്ഡുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ 2.56 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഒമാൻ പൊലിസ് പുറത്തു വിട്ടിട്ടുണ്ട്.
ഒമാനിലേക്ക് അതിർത്തി കടക്കാൻ സംഘം ശ്രമിച്ചെങ്കിലും, സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് പൊലിസ് ഇവരെ തടയുകയായിരുന്നു. വിശദമായ പദ്ധതി തയ്യാറാക്കിയാണ് സംഘം നീങ്ങിയിരുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സൗത്ത് അല്‍ ബത്തിന പൊലിസ് കമാൻഡുമായി സഹകരിച്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ത സമയങ്ങളില്‍ നിന്നുമായിട്ടാണ് അഞ്ച് പ്രതികളെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
അതേ സമയം, ഒക്ടോബറില്‍ 24 കിലോ ഗ്രാമിലധികം മയക്കുമരുന്ന് കൈവശം വെച്ചതിന് അറബ് വംശജനായ ഒരാളെ ഒമാനില്‍ അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് യാത്രാ ബാഗുകളിലായി ഒരു പാസഞ്ചർ ബസ്സിലായിരുന്നു ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചിരുന്നത്.
