ബിനാമി ബിസിനസ്; പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ച് അല്‍ഖസീം അപ്പീല്‍ കോടതി

 


ബുറൈദ : ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ച് അല്‍ഖസീം അപ്പീല്‍ കോടതി. ബംഗ്ലാദേശുകാരനായ പ്രതിക്ക് ആറു മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ മബുറൈദയില്‍ പൂക്കളും പ്രസന്റേഷന്‍ സെറ്റുകളും വില്‍ക്കുന്ന സ്ഥാപനം നടത്തി വന്നിരുന്ന പ്രതിയെ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനക്കിടെയാണ് പിടികൂടിയത്.

പാക്കേജിംഗ് പ്രൊഫഷനിലുള്ള ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശുകാരന്‍ തന്റെ ജോലിക്ക് നിരക്കാത്ത നിലക്കുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്നും നിയമ വിരുദ്ധ ബിസിനസിലൂടെ സമ്പാദിക്കുന്ന പണം വിദേശത്തേക്ക് അയക്കുന്നതും സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിരുന്നു.

പ്രതിക്ക് പതിനായിരം റിയാല്‍ പിഴയും ചുമത്തിയിട്ടുമുണ്ട്. ഇയാളെ നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. ബംഗ്ലാദേശുകാരന്റെ പേരുവിവരങ്ങളും ഇയാള്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും പ്രതിയുടെ ചെലവില്‍ തന്നെ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കി സ്ഥാപനം അടച്ചുപൂട്ടാനും നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഈടാക്കാനും വിധിയുണ്ട്.

സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ വിരുദ്ധ ബിസിനസിലൂടെ സമ്പാദിക്കുന്ന പണം കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നു.

വളരെ പുതിയ വളരെ പഴയ