ദോഹ: 2026ലെ ഹജ്ജ് സീസണിനുള്ള രജിസ്ട്രേഷൻ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ഒക്ടോബര്‍ 31 വരെ തുടരുമെന്ന് ഖത്തർ അൗഖാഫ് മന്ത്രാലയം (എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം) അറിയിച്ചു. മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വിവരം പുറത്തുവിട്ടത്. ഹജ്ജ് പോകാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന രജിസ്ട്രേഷൻ വ്യവസ്ഥകൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ വർഷം രജിസ്ട്രേഷൻ പ്രക്രിയയിൽ രണ്ട് പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഒന്നാമതായി, ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർ രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിൽ നിന്നും ആരോഗ്യ സർട്ടിഫിക്കറ്റ് വാങ്ങണം. തീർത്ഥാടനത്തിന് ആരോഗ്യപരമായി യോഗ്യരാണെന്ന് ഉറപ്പുവരുത്തുന്ന ഈ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം. രണ്ടാമതായി, അപേക്ഷകർ QR 10,000 രൂപ ഡെപ്പോസിറ്റ് അടയ്ക്കണം. ഇത് സുരക്ഷാ നിക്ഷേപമായി കണക്കാക്കി പിന്നീട് ഹജ്ജ് ചെലവിനായി വിനിയോഗിക്കും.
ഈ വര്‍ഷം ഖത്തറില്‍ നിന്ന് ഹജ്ജിനായി 4,400 പേര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കും. രജിസ്ട്രേഷൻ hajj.gov.qa വെബ്സൈറ്റ് വഴിയാണ് നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ ഘട്ടം പൂര്‍ത്തിയായ ഉടന്‍ തന്നെ ഇലക്ട്രോണിക് രീതിയില്‍ അപേക്ഷകരെ തരംതിരിക്കും. നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സന്ദേശം ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.