ജിദ്ദ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെമന്‍ ഗവണ്‍മെന്റിന് 138 കോടി റിയാല്‍ ധനസഹായം നൽകി സൗദി അറേബ്യ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ശുപാര്‍ശ പ്രകാരവും യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. റശാദ് മുഹമ്മദ് അല്‍അലീമിയുടെ അഭ്യര്‍ഥന മാനിച്ചുമാണ് ധനസഹായം നൽകിയത്. യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിനും യെമന്‍ സര്‍ക്കാരിനുമുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ പിന്തുണയെയാണ് ഇത് സൂചിപ്പിക്കുന്നത്.
യെമന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനുമുള്ള സൗദി പ്രോഗ്രാം വഴിയാണ് പുതിയ സാമ്പത്തിക വികസന സഹായം നല്‍കുന്നത്.
സര്‍ക്കാര്‍ ബജറ്റിനുള്ള പിന്തുണ, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള സബ്സിഡികള്‍, ഏദനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനുള്ള ബജറ്റിനുള്ള പിന്തുണ എന്നിവ സൗദി അറേബ്യയുടെ അധിക ധനസഹായത്തില്‍ ഉള്‍പ്പെടുന്നു. യെമന് സൗദി അറേബ്യ 27.7 ബില്യണിലേറെ ഡോളറിന്റെ ധനസഹായങ്ങള്‍ നല്‍കിയതായി സൗദി എയ്ഡ് പ്ലാറ്റ്ഫോം പുറപ്പെടുവിച്ച ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി വികസന സഹായം ലഭിച്ച രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യെമന്.