തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി; 50 വർഷമായി നിലനിന്നിരുന്ന 'കഫീല്‍' നിയമം നിര്‍ത്തലാക്കി


സൗദി അറേബ്യ: ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയ, 50 വർഷം പഴക്കമുള്ള കഫാല തൊഴില്‍ സ്പോണ്‍സർഷിപ്പ് സമ്പ്രദായം നിർത്തലാക്കി സൗദി അറേബ്യ.

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ നിയന്ത്രണാധികാരം ഒരു കഫീലിന് (തൊഴിലുടമ) നല്‍കുന്ന നിയമമാണ് നിർത്തലാക്കിയത്. 

തൊഴിലാളികള്‍ക്ക് മേല്‍ മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങള്‍ക്ക് നിയമം വഴിയൊരുക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഏകദേശം 13 ദശലക്ഷം വിദേശ തൊഴിലാളികള്‍ക്ക് ഈ പരിഷ്കാരം പ്രയോജനം ചെയ്യും. ഇതില്‍ 2.5 ദശലക്ഷം പേർ ഇന്ത്യക്കാരാണ്.

1950-കളിലാണ് കഫാല സമ്പ്രദായം സൗദിയില്‍ നിലവില്‍ വന്നത്. ഇന്ത്യയില്‍ നിന്നും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ വിദേശ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഇത്. 

നിർമ്മാണ, ഉല്‍പ്പാദന മേഖലകളില്‍ ജോലി ചെയ്തിരുന്ന ഈ തൊഴിലാളികള്‍ സൗദി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നിർണ്ണായകമായിരുന്നു. 

കുറഞ്ഞ കൂലിയുള്ള ഈ തൊഴിലാളികള്‍ രാജ്യത്ത് വർദ്ധിക്കുന്നത് ഒഴിവാക്കാനായി, വരുന്ന എല്ലാ തൊഴിലാളികളെയും ഒരു 'കഫീലുമായി' ബന്ധിപ്പിച്ചു. 

തൊഴിലാളിയുടെ 'സ്പോണ്‍സറായി' പ്രവർത്തിക്കുന്ന വ്യക്തിക്കോ കമ്പനിക്കോ ആയിരുന്നു ഈ കഫീല്‍ അധികാരം നല്‍കിയിരുന്നത്. ഈ 'സ്പോണ്‍സർക്ക്' വിദേശ പൗരൻ്റെ ജീവിതത്തില്‍ വലിയ നിയന്ത്രണാധികാരം ലഭിച്ചു. 

തൊഴിലാളി എവിടെ ജോലി ചെയ്യണമെന്ന് തീരുമാനിക്കാനും, കൂലി നിശ്ചയിക്കാനും, എവിടെ താമസിക്കണമെന്ന് പോലും തീരുമാനിക്കാൻ വരെ കഫീലിന് അധികാരമുണ്ടായിരുന്നു.

അതിക്രമത്തിന് ഇരയാകുന്ന തൊഴിലാളിക്ക് അതിക്രമം കാണിച്ച ആളുടെ അനുമതിയില്ലാതെ കേസ് ഫയല്‍ ചെയ്യാൻ കഴിയില്ലെന്നത് ഈ നിയമത്തിലെ വ്യവസ്ഥകളില്‍ ഒന്നായിരുന്നു. 

വിദഗ്ദ്ധ തൊഴിലാളികള്‍ക്കും വൈറ്റ് കോളർ ജോലിക്കാർക്കും ഈ സമ്പ്രദായം അത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ലെങ്കിലും അവിദഗ്ധ തൊഴിലാളികള്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു ഇത്. 

തൊഴിലാളിയുടെ യാത്രാരേഖകള്‍ പിടിച്ചെടുക്കാനും, ജോലി മാറുമ്പോള്‍ തീരുമാനമെടുക്കാനും, രാജ്യം വിടാൻ അനുവദിക്കാതിരിക്കാനും വരെ കഫീലിന് അധികാരം നല്‍കുന്ന രീതിയിലായിരുന്നു ഈ നിയമം.

കുവൈറ്റ്, ഒമാൻ, ലബനൻ, ഖത്തർ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ രൂപങ്ങളില്‍ ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

ഈ രാജ്യങ്ങളിലായി ഏകദേശം 25 ദശലക്ഷം വിദേശ പൗരന്മാരാണ് തങ്ങളുടെ കഫീലുകളുടെ നിയന്ത്രണത്തില്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും വലിയ സമൂഹം ഏകദേശം 7.5 ദശലക്ഷം വരുന്ന ഇന്ത്യക്കാരാണ്.

കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ്റെ 'വിഷൻ 2030' പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സമ്പ്രദായം നിർത്തലാക്കാനുള്ള പദ്ധതി സൗദി അറേബ്യ ജൂണില്‍ പ്രഖ്യാപിച്ചത്. 

2029-ലെ ഏഷ്യൻ വിൻ്റർ ഗെയിംസ് ഉള്‍പ്പെടെയുള്ള ആഗോള പരിപാടികള്‍ക്ക് മുന്നോടിയായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി രാജ്യത്തിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ബഹു-ട്രില്യണ്‍ ഡോളർ പദ്ധതിയാണിത്.

അന്താരാഷ്ട്ര സമ്മർദ്ദം, എൻജിഒ, സഹായ ഏജൻസികളുടെ റിപ്പോർട്ടുകള്‍, വിദേശ നിക്ഷേപകരില്‍ നിന്നുള്ള വിയോജിപ്പുകള്‍ എന്നിവയെല്ലാം നിയമം റദ്ദാക്കാൻ സൗദി ഗവണ്‍മെന്റിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.

വളരെ പുതിയ വളരെ പഴയ