ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ


സൗദി അറേബ്യ: ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഡയാലിസിസ് രോഗികള്‍, ഗുരുതര ഹൃദ്രോഗമുള്ളവർ, ഓക്സിജൻ സപ്പോർട്ട് വേണ്ട രോഗികള്‍ എന്നിവർക്ക് ഇപ്രാവശ്യത്തെ ഹജ്ജിന് അനുമതിയുണ്ടാകില്ല.

കീമോയ്ക്ക് വിധേയരാകുന്ന കാൻസർ രോഗികള്‍, ടി.ബിയുള്ളവർ, പ്രസവത്തിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളവർ എന്നിവരെയും അനുവദിക്കില്ല. ഇതോടെ നിലവില്‍ അപേക്ഷിച്ചവരില്‍ ഗുരുതര പ്രയാസമുള്ളവർക്ക് അവസരം നഷ്ടമാകും. 

കൃത്യമായ ആരോഗ്യ പരിശോധന പൂർത്തിയാക്കാൻ ഓരോ രാജ്യങ്ങള്‍ക്കും സൗദി നിർദേശം നല്‍കിയതോടെ കേന്ദ്രവും ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കി. നിയമം ലംഘിച്ച്‌ വരുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിഷേധിക്കും.

ഇസ്ലാമില്‍ ഹജ്ജ് ആരോഗ്യവും സമ്പത്തുമുള്ളവർക്ക് നിർബന്ധമായ ബാധ്യതയാണ്. ഹജ്ജ് ചെയ്യാൻ ഏറെ കായികാധ്വാനം വേണ്ടതുണ്ട്. എന്നാല്‍ പ്രായവും അസുഖവുമെത്തിയ ശേഷം ഹജ്ജിലെത്തുന്നവരുടെ എണ്ണവും മരണവും വർധിക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് സൗദിയുടെ നടപടി. ഇതിനിടെ അടുത്ത വർഷത്തെ ഹജ്ജ് യാത്രാ ഷെഡ്യൂള്‍ സൗദി പുറത്തിറക്കി. ഏപ്രില്‍ 18ന് ആദ്യ വിമാനം സൗദിയിലെത്തും. 

ഇന്ത്യയില്‍ നിന്നും ആദ്യ ദിനം തന്നെ സർവീസുണ്ടാകും. ഇത്തവണത്തെ ഹജ്ജ് മെയ് അവസാനത്തിലാണ്. മെയ് 30 മുതല്‍ ഹാജിമാർ മടങ്ങിത്തുടങ്ങും. വിമാനക്കമ്പനികളോട് തയ്യാറെടുപ്പ് പൂർത്തിയാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ