റോഡപകടങ്ങൾ 'കാണാൻ' കൂട്ടം കൂടുന്നവർക്ക് കനത്ത പിഴ: മുന്നറിയിപ്പുമായി അബുദാബി പൊലീസ്


അബുദാബി: റോഡപകടങ്ങളോ തീപിടിത്തങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ തിരക്ക് കൂട്ടുന്നവർക്ക് 1,000 ദിർഹം (ഏകദേശം 22,500 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അത്യാഹിത വിഭാഗങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും ജോലിക്ക് തടസ്സമുണ്ടാക്കാതിരിക്കാൻ താമസക്കാർക്ക് പൊലീസ് കർശന മുന്നറിയിപ്പ് നൽകി.

അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് പുറത്തിറക്കിയ അറിയിപ്പിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ആംബുലൻസുകൾക്കും മറ്റ് രക്ഷാവാഹനങ്ങൾക്കും എത്രയും പെട്ടെന്ന് അപകടസ്ഥലത്തേക്ക് എത്താൻ വഴിയൊരുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 

രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തരുത്

പരുക്കേറ്റവരെ രക്ഷിക്കാനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് എത്തേണ്ടത് അത്യാവശ്യമാണ്. കാൽനടയാത്രക്കാർ റോഡിന് സമീപം കൂട്ടംകൂടുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കും.

അപകടസമയത്ത് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും. അപകടസ്ഥലത്ത് കൂട്ടംകൂടുന്നത്, അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നത്, അതുവഴി ഗതാഗതക്കുരുക്കുണ്ടാക്കുന്നത് എന്നിവ ഒഴിവാക്കാനാണ് ഈ ശിക്ഷാ നടപടി.

കൂടാതെ, അപകടങ്ങളോ തീപിടിത്തങ്ങളോ കാണാനായി ഒത്തുകൂടുന്നതും അപകടത്തിൽപ്പെട്ട വാഹനങ്ങളുടെയോ പരുക്കേറ്റവരുടെയോ ചിത്രങ്ങളോ വിഡിയോകളോ എടുക്കുന്നതും ഓൺലൈനിൽ പങ്കുവയ്ക്കുന്നതും നിയമനടപടികൾക്ക് കാരണമായേക്കാം എന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ