റിയാദ് :സൗദി തലസ്ഥാനത്ത് ലോകോത്തര വിനോദസഞ്ചാര സൗകര്യങ്ങളുമായി ഖിദ്ദിയ സിറ്റിയിലെ ആദ്യ തീം പാർക്ക് ഡിസംബർ 31ന് തുറക്കുന്നു. വടക്കേ അമേരിക്കയ്‌ക്ക് പുറത്ത് ആദ്യമായി തുറക്കുന്ന സിക്സ് ഫ്ലാഗ്സ് തീം പാർക്കാണ് ‘സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റി’. റിയാദിൽ നിന്ന് 40 മിനിറ്റ് ദൂരെയുള്ള മനോഹരമായ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
മൊത്തത്തിൽ 28 അത്യാധുനിക വിനോദാനുഭവങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ലോക റെക്കോർഡുകൾ തകർക്കുന്ന റോളർ കോസ്റ്ററുകൾ, ഉയർന്ന ആവേശം പകരുന്ന റൈഡുകൾ, കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത 18 റൈഡുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ സ്പർശം ചേർത്താണ് ആറ് വ്യത്യസ്ത തീം ഏരിയകളിലായി ആകർഷണങ്ങൾ വിഭജിച്ചിരിക്കുന്നത്. ഒരു മഹത്തായ കോട്ടയാണ് പാർക്കിന്റെ കേന്ദ്ര ആകർഷണം.
ടിക്കറ്റ് നിരക്കുകൾ
മുതിർന്നവർ: 325 സൗദി റിയാൽ മുതൽ
കുട്ടികൾ: 275 സൗദി റിയാൽ മുതൽ
ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, സഹായികൾ: 75 സൗദി റിയാൽ (ഓൺലൈനിൽ ലഭ്യമല്ല, പാർക്കിലെ നിർദ്ദിഷ്ട കൗണ്ടറിൽ നിന്ന് മാത്രം)
റൈഡുകളിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാൻ ‘ഗോഫാസ്റ്റ്’ സേവനം തിരഞ്ഞെടുക്കാം. https://sixflagsqiddiyacity.com/en എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും
ജനുവരി മുതൽ വിനോദ സഞ്ചാരികളുടെ തിരക്ക് ഉയരുമെന്ന് വിലയിരുത്തപ്പെടുന്ന സന്ദർഭത്തിൽ, റിയാദിന്റെ വിനോദമേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയെടുക്കുന്ന ഇടപെടലായി ഈ പദ്ധതിയെ കാണുന്നു.
