ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്‌എസ്).
ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് ഉള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും പൊടിപടലങ്ങള്‍ ഉയരുമ്പോള്‍ താമസ സ്ഥലത്തെ വാതിലുകളും ജനാലകളും തുറന്നിടരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ശക്തമായ കാറ്റിലും ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിലും യാത്രകള്‍ ഒഴിവാക്കുക. പൊടിക്കാറ്റില്‍ പുറത്തു പോകേണ്ടി വന്നാല്‍ മാസ്ക് ധരിക്കുകയോ മൂക്കും വായയും നനഞ്ഞ തുണി കൊണ്ട് മറയ്ക്കുകയോ ചെയ്യണം. വാഹനമോടിക്കുമ്പോള്‍ കാറിന്‍റെ വിൻഡോ തുറക്കരുത്.
അതേ സമയം ഇന്ന് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തുടനീളം പൊടിക്കാറ്റ് അനുഭവപ്പെടാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റ് രാജ്യത്തിന്‍റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലേക്ക് ശക്തമാവാൻ സാധ്യതയുണ്ട്.
പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കില്‍ ചില സമയങ്ങളില്‍ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
ഈ ആഴ്ച തണുപ്പുള്ള കാലാവസ്ഥയോടെ തുടങ്ങാൻ സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും അധികൃതർ അറിയിച്ചു. തെക്ക് കിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയില്‍ വീശാൻ സാധ്യതയുണ്ട്.
പിന്നീട് കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മാറും. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 10-20 കിലോമീറ്റർ ആയിരിക്കും, ചില സമയങ്ങളില്‍ ഇത് 30 കി.മീ വരെ എത്താം. അറേബ്യൻ ഗള്‍ഫിലും ഒമാൻ കടലിലും കടല്‍ ശാന്തമായിരിക്കും.
ദുബായില്‍ കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ഷാർജയില്‍ കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അബുദാബിയില്‍ കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.
