റിയാദ്: സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, ഇന്ത്യൻ സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച റിയാദില്‍ വച്ചയിരുന്നു കൂടിക്കാഴ്ച.
യുഎൻ ടൂറിസം ജനറല്‍ അസംബ്ലിയുടെ 26-ാമത് സമ്മേളനത്തിന് ഇടയിലായിരുന്നു കൂടിക്കാഴ്ച. വിവിധ മേഖലകളിലെ സാംസ്കാരിക സഹകരണം എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താമെന്ന് ഇരുവരും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു.
ശ്രീലങ്ക, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുമായും ശെഖാവത്ത് ഈ സമ്മേളനത്തില്‍ വെച്ച് ചർച്ചകള്‍ നടത്തി.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഇന്ത്യ ടൂറിസം സഹകരണവും സാംസ്കാരിക പങ്കാളിത്തവും വിപുലീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം 'എക്സി'ല്‍ കുറിച്ചു.
കൂടാതെ, യുഎൻ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിമാർക്കായി സഊദി ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖത്തീബ് ഒരുക്കിയ അത്താഴ വിരുന്നിലും ഷെഖാവത്ത് പങ്കെടുത്തു.
ആഗോള ടൂറിസം സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ചർച്ചകളില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, ഊഷ്മളമായ ആതിഥേയത്വത്തിന് നന്ദിയുണ്ടെന്നും ഷെഖാവത്ത് വ്യക്തമാക്കി.
