ദുബൈ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ പ്രഖ്യാപിച്ച ബാഗേജ് ഓഫർ നവംബർ 30 വരെ നീട്ടി എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഈ ഓഫർ അനുസരിച്ച്, യാത്രക്കാർക്ക് വെറും 11 ദിർഹം ചെലവിൽ 10 കിലോ അധിക ലഗേജ് കൂടി കൊണ്ടുപോകാംഒക്ടോബറിലാണ് എയർലൈൻ ഈ പ്രത്യേക ഓഫർ അവതരിപ്പിച്ചത്.
തുടർന്ന്, യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്ത തുടർന്ന് ഓഫർ നവംബർ അവസാനം വരെ നീട്ടകയായിരുന്നെന്ന് എയർ ഇന്ത്യയുടെ റീജിയണൽ മാനേജർ പി.പി. സിംഗ് വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ 40 കിലോ ബാഗേജ്
ഈ ഓഫർ പ്രകാരം, സാധാരണ അനുവദിച്ചിട്ടുള്ള 30 കിലോ ബാഗേജിനൊപ്പം, 11 ദിർഹം അധികമായി നൽകി 10 കിലോ കൂടി കൊണ്ടുപോകാം. ഇതോടെ മൊത്തം 40 കിലോ ബാഗേജ് കൊണ്ടുപോകാൻ സാധിക്കും. യുഎഇ, സഊദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ ഓഫർ ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരിമിതമായ സ്ലോട്ടുകൾ: ഈ ഓഫർ വഴി അധിക ബാഗേജ് ബുക്ക് ചെയ്യാനുള്ള സ്ലോട്ടുകൾ പരിമിതമാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും മുൻഗണന.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്, ഈ അധിക ബാഗേജ് സൗകര്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വാങ്ങണം. ടിക്കറ്റ് എടുത്തതിന് ശേഷം ഇത് ചേർക്കാൻ സാധിക്കില്ല.
അവസാന തീയതി
ഈ ഓഫർ വാങ്ങാനുള്ള സമയപരിധിയും യാത്ര ചെയ്യാനുള്ള സമയപരിധിയും നവംബർ 30-നാണ് അവസാനിക്കുന്നത്.
സാധാരണയായി, എയർപോർട്ടിൽ വെച്ച് അധിക ബാഗേജ് ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ 100-150 ദിർഹമിലധികം ചിലവ് വരും. അതുകൊണ്ട് തന്നെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി വാങ്ങുന്നത് യാത്രക്കാരെ ചെലവ് കുറക്കാൻ സഹായിക്കും. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ പാതകളിൽ ഒന്നായ ഗൾഫ്-ഇന്ത്യ റൂട്ടുകളിൽ മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഈ നീക്കം.
അതേസമയം, നവംബറിന് ശേഷവും ഈ ഓഫർ തുടരുമോ എന്ന കാര്യത്തിൽ എയർലൈൻ ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല.
