കുവൈത്ത് സിറ്റി: സ്നാപ്ചാറ്റ് (Snapchat) വഴി നിയമ വിരുദ്ധമായ ഓണ്‍ലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും അതില്‍ പങ്കാളിയാവുകയും ചെയ്ത ഒരാളെ കുവൈത്ത് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ ഒരു സ്നാപ്ചാറ്റ് അക്കൗണ്ട് ലക്ഷ്യമിട്ട് നടത്തിയ നിരീക്ഷണത്തിനും, അന്വേഷണത്തിനും ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി.
ഈ അക്കൗണ്ട് ഉടമ, കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് പുറത്തു നിന്നുള്ള ചൂതാട്ട വെബ്സൈറ്റുകള്‍ക്ക് പ്രചാരണം നല്‍കുകയും ഫോളോവേഴ്സില്‍ നിന്ന് പല മാർഗ്ഗങ്ങളിലൂടെ പണം ശേഖരിക്കുകയും ചെയ്തിരുന്നു.
പണം തട്ടിയെടുത്ത രീതി
വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് പ്രതി സ്നാപ്ചാറ്റ് ഉപയോഗിച്ചത്. ഇയാളെ വിശ്വസിച്ച് പണം അയച്ചവരോട്, ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ വഴി പണം കൈമാറാൻ പ്രതി പ്രേരിപ്പിച്ചു.
തുടർന്ന്, പണം ലഭിച്ച ഉടൻ തന്നെ ഫോളോവർമാരെ ഇയാള്‍ ബ്ലോക്ക് ചെയ്യും. ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദർശിച്ച്, പെട്ടെന്ന് ലാഭമുണ്ടാക്കിയെന്ന് ഇരകളെ വിശ്വസിപ്പിക്കാൻ വ്യാജ വീഡിയോകളും ഇയാള്‍ ചിത്രീകരിച്ചിരുന്നു. ഇത്, നിയമവിരുദ്ധമായ ഓണ്‍ലൈൻ ചൂതാട്ടങ്ങളില്‍ ചേരാൻ ആളുകളെ പ്രേരിപ്പിച്ചു.
നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന്, നിയമപരമായ അനുമതി ലഭിച്ച ശേഷം അധികൃതർ പ്രതിയെ പിടികൂടി.
ചോദ്യം ചെയ്യലില്‍, സ്നാപ്ചാറ്റിലൂടെ താൻ നിയമ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതായി പ്രതി സമ്മതിച്ചു. തുടർന്ന്, ആവശ്യമായ നിയമ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സമൂഹത്തിനും പൊതു സുരക്ഷയ്ക്കും ഭീഷണിയായ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവർ ആരായാലും അവർക്കെതിരെ നടപടിയെടുക്കുമെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി.
