സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശ്ശികയായി ഒന്നര കോടി റിയാല്‍ വിതരണം ചെയ്ത് മന്ത്രാലയം

 


ജിദ്ദ: സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികളുടെ വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് 50 തൊഴിലാളികള്‍ക്ക് ഒന്നര കോടിയിലേറെ റിയാല്‍ വിതരണം ചെയ്തത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വേതന കുടിശ്ശികകളും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനായി ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് മന്ത്രാലയം ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനും ഒരു നിശ്ചിത കാലയളവിലേക്ക് വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയെന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മടക്ക ടിക്കറ്റ് നല്‍കല്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് ഉറപ്പുനല്‍കുന്നു.

നയങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും സൗദി തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ പ്രാദേശിക തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വേതന സുരക്ഷാ പദ്ധതി, തൊഴില്‍ കരാര്‍ ഡോക്യുമെന്റേഷന്‍ എന്നിവ ഉള്‍പ്പെടെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി മന്ത്രാലയം നടപ്പാക്കിയ നിയമങ്ങളും നടപടിക്രമങ്ങളും ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പുനല്‍കുന്നു.

കുടിശ്ശിക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തൊഴിലാളി രാജ്യം വിടേണ്ടതില്ല. സ്‌പോണ്‍സര്‍ഷിപ്പ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയാണെങ്കിലും കുടിശ്ശിക ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴിലാളിക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഫൈനല്‍ എക്‌സിറ്റ് വിസ പോലുള്ള ആവശ്യമായ എല്ലാ മടക്കയാത്രാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിന്റെ തെളിവ് സമര്‍പ്പിച്ചാല്‍, പരമാവധി 1,000 റിയാല്‍ വരെ ഇക്കണോമി ക്ലാസില്‍ മടക്ക ടിക്കറ്റും ഇന്‍ഷുറന്‍സിൽ ഉള്‍പ്പെടുന്നു.

പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പ്രൊബേഷണറി തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സീസണല്‍, താല്‍ക്കാലിക വിസകളിലുള്ള തൊഴിലാളികള്‍, തൊഴിലുടമയുടെ കുടുംബാംഗങ്ങളായ തൊഴിലാളികള്‍, സ്‌പോര്‍ട്‌സ് ക്ലബ് കളിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ഇടയന്മാര്‍, പ്രത്യേക ജോലി നിര്‍വഹിക്കാനായി മാത്രം വരുന്ന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ല. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കില്ല.

ക്ലെയിം കാലയളവില്‍ തൊഴിലാളി പ്രതിസന്ധിയിലായ സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം, പ്രതിസന്ധിയിലായ സ്ഥാപനത്തില്‍ നിന്ന് കുടിശ്ശിക ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന നിയമപരമായി അംഗീകൃത രേഖ സമര്‍പ്പിക്കണം, ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലാളിക്ക് വേറെ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിച്ചിരിക്കരുത്, യാത്രാ ടിക്കറ്റിന് നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോള്‍ രാജ്യം വിടാനുള്ള ഉദ്ദേശ്യത്തിന്റെ തെളിവ് ഹാജരാക്കണം എന്നീ വ്യവസ്ഥകള്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കുന്നതിന് മന്ത്രാലയം നിര്‍ണയിച്ചട്ടുണ്ട്.

പ്രവാസി തൊഴിലാളികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ തേടിയുള്ള നഷ്ടപരിഹാര ക്ലെയിം ലഭിക്കുമ്പോള്‍ തൊഴിലുടമയെ (സ്ഥാപനം) ഔദ്യോഗികമായി അറിയിക്കും. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് 10 പ്രവൃത്തി ദിവസങ്ങള്‍ അനുവദിക്കും. സ്ഥാപനം എതിര്‍ക്കുന്നില്ലെങ്കില്‍, അര്‍ഹരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും. തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞാല്‍, ജീവനക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ മുഴുവന്‍ തുകയോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമോ സ്ഥാപനത്തില്‍ നിന്ന് തിരികെ ലഭിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അവകാശമുണ്ട്.

വളരെ പുതിയ വളരെ പഴയ