റിയാദ്: റിയാദില്‍ പ്രവാസി മലയാളി മരിച്ചു. അഷ്‌റഫ് നെട്ടൂർ-പിലാക്കണ്ടി ലൈല ദമ്പതികളുടെ മകള്‍ ഷഫ്‌ല (37) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. 36 വർഷമായി റിയാദില്‍ പ്രവാസിയായിരുന്നു യുവതി. ബത്ഹയിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.
നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റും. സഹോദരങ്ങളായ മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഹല്‍ എന്നിവർ റിയാദില്‍ തന്നെ ജോലി ചെയ്യുന്നു.
മൃതദേഹം റിയാദില്‍ ഖബറടക്കും. മരണാനന്തര നിയമ നടപടികള്‍ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകൻ മെഹ്ബൂബ് അഞ്ചരക്കണ്ടി രംഗത്തുണ്ട്.
മറ്റൊരു സംഭവത്തില്‍ സന്ദർശക വീസയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയെ യാത്രയാക്കി മടങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിലെ താമസ സ്ഥലത്ത് അന്തരിച്ചു.
എറണാകുളം, ആലുവ സ്വദേശി ചാലക്കല്‍, തോപ്പില്‍ വീട്ടില്‍ അബ്ദുല്‍ സത്താർ (56) ആണ് ദമാം മലബാർ ഹോട്ടലിനു സമീപത്തെ താമസ സ്ഥലത്ത് മരിച്ചത്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ദമാമിലെ സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. മക്കള്‍: ഫാത്തിമ (ഖത്തർ), മുഹമ്മദ് ഫയ്യാസ് (വിദ്യാർഥി). കെഎംസിസി ജനസേവന വിഭാഗം ചുമതലയുള്ള കബീർ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പുരോഗമിക്കുന്നു.
