header-ad

ബഹ്‌റൈനിൽ ഇന്ധനവില കുത്തനെ കൂട്ടി; സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി വെള്ളം, വൈദ്യുതി നിരക്കുകളും വർധിച്ചു


മനാമ: രാജ്യത്തെ പൊതുവരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക കമ്മി കുറയ്ക്കുന്നതിനുമുള്ള കർശന നടപടികളുടെ ഭാഗമായി ബഹ്‌റൈനിൽ ഇന്ധനവില കുത്തനെ വർധിപ്പിച്ചു. 57 ശതമാനം വരെയാണ് ഇന്ധനവിലയിൽ വർധനവുണ്ടായിരിക്കുന്നത്. പരിഷ്കരിച്ച നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ ഇന്ധന നിരക്കുകൾ (ഒരു ലിറ്ററിന്):

 * സൂപ്പർ 98: 0.265 ദീനാർ

 * പ്രീമിയം 95: 0.235 ദീനാർ

 * ഗുഡ് 91: 0.220 ദീനാർ

 * ഡീസൽ: 0.200 ദീനാർ

മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഡീസൽ സബ്‌സിഡി തുടരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ധനവിലയ്ക്ക് പുറമെ വൈദ്യുതി, ജല നിരക്കുകളിലും വർധനവ് വരുത്തിയിട്ടുണ്ട്. പൊതുബജറ്റിലേക്ക് സർക്കാർ കമ്പനികൾ നൽകുന്ന സംഭാവന വർധിപ്പിക്കാനും തീരുമാനമായി.

ദേശീയ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക കമ്പനികൾക്കായി പുതിയ കോർപ്പറേറ്റ് ആദായ നികുതി നിയമം അംഗീകരിച്ചു. കൂടാതെ ഫാക്ടറികൾക്ക് നൽകുന്ന പ്രകൃതിവാതകത്തിന്റെ വില ഉയർത്താനും ഭരണപരമായ ചെലവുകൾ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. എണ്ണവിലയിലെ ഇടിവും സാമ്പത്തിക സമ്മർദ്ദങ്ങളും മറികടക്കാനാണ് ഭരണകൂടത്തിന്റെ ഈ നീക്കം.


വളരെ പുതിയ വളരെ പഴയ