റിയാദ്: സൗദി അറേബ്യയിൽ പുതുവർഷത്തിൽ ഇന്ധന വിലയിൽ വർധന. ഡീസൽ വിലയിൽ 7.8 ശതമാനം വർധനവ് രേഖപ്പെടുത്തിയതിനൊപ്പം രാജ്യമൊട്ടാകെ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് ഏകീകരിച്ചതായും ഗാസ്‌കോ (GASCO) അറിയിച്ചു. 2026 ജനുവരി 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
എൽ.പി.ജി നിരക്കുകൾ ഇങ്ങനെ:
ദേശീയതലത്തിൽ ഏകീകരിച്ച പുതിയ നിരക്ക് പ്രകാരം 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലായിരിക്കും വില. 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലും നൽകണം. കേന്ദ്ര ഗ്യാസ് ടാങ്കുകൾക്ക് ലിറ്ററിന് 1.1770 റിയാൽ എന്ന നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ഗതാഗതച്ചെലവും മൂല്യവർധിത നികുതിയും (VAT) ഉൾപ്പെടെയുള്ള നിരക്കുകളാണിവ.
ഡീസൽ വില വർധന:
സൗദി അരാംകോ ഡീസൽ വിലയിൽ 7.8 ശതമാനം വർധനവാണ് പ്രഖ്യാപിച്ചത്. ഇതോടെ ഡീസൽ വില ലിറ്ററിന് 1.79 റിയാലായി ഉയർന്നു. 2022 മുതൽ ഓരോ വർഷത്തിന്റെയും തുടക്കത്തിൽ ഡീസൽ വില പുനഃപരിശോധിക്കുന്ന സംവിധാനം അരാംകോ നടപ്പിലാക്കി വരുന്നുണ്ട്. 2015-ൽ വെറും 0.25 റിയാൽ മാത്രമായിരുന്ന ഡീസൽ വിലയാണ് ഇപ്പോൾ ഘട്ടംഘട്ടമായി ഉയർന്ന് 1.79-ൽ എത്തിയിരിക്കുന്നത്. 2022-ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇത്തരത്തിൽ വാർഷിക വില പുനഃപരിശോധന നടക്കുന്നത്.

