ദുബായ്: എമിറേറ്റിലെ അതിവേഗ പാതകളില്‍ (Fast Lane) അനാവശ്യമായി വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ദുബായ് പൊലിസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA).
ഫാസ്റ്റ് ലെയ്ൻ നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ പുതിയ മുന്നറിയിപ്പ് നല്‍കി.
എന്താണ് 'ലെയ്ൻ ഹോഗിംഗ്'?
റോഡിലെ ഏറ്റവും ഇടതു വശത്തുള്ള വരി (Fast Lane) സുഖകരമായി വണ്ടി ഓടിച്ചു പോകാനുള്ളതല്ല, മറിച്ച് മറ്റ് വാഹനങ്ങളെ മറികടക്കാൻ (Overtaking) മാത്രമുള്ളതാണ്.
ഓവർടേക്ക് ചെയ്തതിന് ശേഷവും ഈ ലെയ്നില്‍ തന്നെ തുടരുന്നതിനെയാണ് 'ലെയ്ൻ ഹോഗിംഗ്' എന്ന് വിളിക്കുന്നത്. ഇത് ഗതാഗത തടസ്സമുണ്ടാക്കുന്നതായും അപകടങ്ങള്‍ക്ക് കാരണമാകുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ദുബായിലെ പ്രധാന റോഡുകളിലെ ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളില്‍ (Variable Message Signs) ഇപ്പോള്‍ പുതിയ മുന്നറിയിപ്പുകള്‍ ദൃശ്യമാണ്. "ജാഗ്രത പാലിക്കുക! ഫാസ്റ്റ് ലെയ്ൻ മറി കടക്കുന്നതിന് മാത്രം" എന്ന സന്ദേശത്തിനൊപ്പം ലെയ്ൻ അച്ചടക്കം വ്യക്തമാക്കുന്ന ഗ്രാഫിക് ചിത്രങ്ങളും അധികൃതർ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രധാന നിയമങ്ങളും പിഴകളും
ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളില്‍ 400 ദിർഹം പിഴ ഈടാക്കാം:
വഴിമാറി കൊടുക്കാതിരിക്കല്‍: അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കോ ആംബുലൻസ് ഉള്‍പ്പെടെയുള്ള അടിയന്തര വാഹനങ്ങള്‍ക്കോ ഫാസ്റ്റ് ലെയ്നില്‍ വഴി നല്‍കാതിരുന്നാല്‍.
കുറഞ്ഞ വേഗത: ഫാസ്റ്റ് ലെയ്നില്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേഗതയില്‍ താഴെ (Minimum Speed) വാഹനം ഓടിക്കുന്നത്.
അനാവശ്യ യാത്ര: ഓവർടേക്കിംഗിന് ശേഷം വരി മാറാതെ ഫാസ്റ്റ് ലെയ്നില്‍ തന്നെ തുടരുന്നത്.
സാവധാനം വണ്ടി ഓടിക്കുന്നത് സുരക്ഷിതമാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും, ഫാസ്റ്റ് ലെയ്നില്‍ ഇത്തരത്തില്‍ പെരുമാറുന്നത് അതീവ അപകടകരമാണെന്ന് ദുബായ് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ഇത് മറ്റ് ഡ്രൈവർമാരെ നിരാശരാക്കുകയും വലതു വശത്തു കൂടി അപകടകരമായി ഓവർടേക്ക് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഡെലിവറി ബൈക്കുകള്‍ക്ക് കർശന നിയന്ത്രണം
നവംബർ 1 മുതല്‍ നിലവില്‍ വന്ന നിയമപ്രകാരം അഞ്ചോ അതിലധികമോ വരികളുള്ള റോഡുകളില്‍ ഇടതു വശത്തുള്ള ആദ്യ രണ്ട് വരികളില്‍ ഡെലിവറി ബൈക്കുകള്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മൂന്ന് അല്ലെങ്കില്‍ നാല് വരികളുള്ള റോഡുകളില്‍ ഏറ്റവും ഇടതു വശത്തെ പാതയും ഇവർക്ക് ഉപയോഗിക്കാൻ പാടില്ല.
ശ്രദ്ധിക്കുക, ഈ തെറ്റുകള്‍ ഒഴിവാക്കാം:
ഓവർ ടേക്കിംഗ് കഴിഞ്ഞാലുടൻ സുരക്ഷിതമായി വലതു വശത്തെ ലെയ്നിലേക്ക് മാറുക.
പുറകില്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് കടന്നു പോകാൻ എപ്പോഴും സൗകര്യമൊരുക്കുക.
നിശ്ചിത വേഗ പരിധി കൃത്യമായി പാലിക്കുക.
മുൻപിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക (Tailgating ഒഴിവാക്കുക).

