ദുബായ്: റജബ് മാസപ്പിറവി (Rajab moon sighting) റമദാൻ മാസത്തിന്റെ സമയക്രമത്തെ സ്വാധീനിക്കുമോ എന്ന് ഉറ്റുനോക്കി വിശ്വാസികൾ. ഹിജ്‌റ കലണ്ടറിലെ ഏഴാമത്തെ മാസമാണ് റജബ്. ഇസ്ലാമിലെ പ്രധാന മാസങ്ങളിൽ ഒന്നുമാണ് ഇത്. റജബ്, ശഅബാൻ മാസങ്ങൾക്ക് ശേഷമാണ് റമദാൻ വരുന്നത്.
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ അഭിപ്രായത്തിൽ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും 1447 AH ലെ റജബ് മാസത്തിലെ മാസപ്പിറവി ശനിയാഴ്ച (ഡിസംബർ 20, 2025) നിരീക്ഷിക്കാൻ സാധ്യതയുണ്ട്.
സൂര്യാസ്തമയത്തിനു ശേഷം ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ ദൂരദർശിനി ഉപയോഗിച്ചും, തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും പസഫിക് സമുദ്രത്തിലും നഗ്നനേത്രങ്ങൾകൊണ്ടും ചന്ദ്രക്കല കാണാൻ സാധിക്കും.
റജബ് മാസം ഡിസംബർ 21-ന് ആരംഭിക്കുകയാണെങ്കിൽ, റജബ്, ശഅബാൻ മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം കണക്കാക്കിയാൽ റമദാൻ ഏകദേശം 60 മുതൽ 61 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും റമദാൻ മാസപ്പിറവി കണ്ടതിനു ശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളു.
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒദെഹ് പറയുന്നതനുസരിച്ച്, മാസത്തിന്റെ കേന്ദ്ര സംയോജനം ശനിയാഴ്ച 01:43 GMT-ക്ക് നടക്കും. സൂര്യാസ്തമയത്തിനു ശേഷമുള്ള മാസപ്പിറവിയുടെ ദൃശ്യപരത ഓരോ പ്രദേശത്തിനും വ്യത്യാസപ്പെട്ടിരിക്കും.
തെക്കൻ, തെക്ക്-പടിഞ്ഞാറൻ ആഫ്രിക്കയുടെ ഭാഗങ്ങളിൽ നിന്നും, തെക്കേ അമേരിക്കയിൽ നിന്നും ദൂരദർശിനി ഉപയോഗിച്ച് മാസപ്പിറവി കാണാൻ സാധിക്കും. തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നും പസഫിക് സമുദ്രത്തിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുമെന്നും ഒദെഹ് കൂട്ടിച്ചേർത്തു.
ജ്യോതിശാസ്ത്ര പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും, ഓരോ രാജ്യത്തിലെയും മതപരമായ അധികാരികൾ സ്ഥിരീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ റജബിന്റെ ഔദ്യോഗിക ആരംഭം സ്ഥിരീകരിക്കുകയുള്ളൂവെന്ന് ഒദെഹ് അഭിപ്രായപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം ജക്കാർത്ത, അബുദാബി, റിയാദ്, അമ്മാൻ, ജറുസലേം, കെയ്റോ, റബാത്ത് തുടങ്ങിയ പല അറബ്, ഇസ്ലാമിക തലസ്ഥാനങ്ങളിലും മാസപ്പിറവി കാണാൻ കഴിയില്ലെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു.
എന്നാൽ മൊസംബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയിൽ (Maputo) സൂര്യാസ്തമയം കഴിഞ്ഞ് 39 മിനിറ്റിനു ശേഷം മാസപ്പിറവി കാണാൻ സാധ്യതയുണ്ട്.
