ജിദ്ദ : സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ വേതനം അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഇലക്ട്രോണിക് രീതിയിൽ ട്രാൻസ്ഫർ ചെയ്യൽ നിർബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജനുവരി മുതൽ സൗദിയിലുള്ള മുഴുവൻ ഗാർഹിക തൊഴിലാളികളുടെയും വേതനം അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഇലക്ട്രോണിക് രീതിയിൽ ട്രാൻസ്ഫർ ചെയ്യൽ നിർബന്ധമാണ്. പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് നിലവിൽവന്നിരുന്നു.
സൗദിയിലേക്ക് പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയത്. ഈ വർഷം ജനുവരിയിൽ നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ നാലും അതിലധികവും വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെയും ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന മൂന്നാം ഘട്ടത്തിൽ മൂന്നും അതിലധികവും വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെയും 2025 ഒക്ടോബർ ഒന്നിന് നിലവിൽ വന്ന നാലാം ഘട്ടത്തിൽ രണ്ടോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെയും പദ്ധതി പരിധിയിൽ ഉൾപ്പെടുത്തി.
ശമ്പളവുമായി ബന്ധപ്പെട്ട ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുനൽകാനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധത്തിൽ സുതാര്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ വാലറ്റുകൾ, പങ്കാളിത്ത ബാങ്കുകൾ തുടങ്ങിയ അംഗീകൃത ഔദ്യോഗിക ചാനലുകൾ അംഗീകരിച്ച് വേതന വിതരണ പ്രക്രിയകളുടെ വിശ്വാസ്യത വർധിപ്പിക്കാനുള്ള നിർണായക ഘട്ടമാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴിയുള്ള ഇലക്ട്രോണിക് ശമ്പള ട്രാൻസ്ഫർ സേവനമെന്ന് മന്ത്രാലയം പറഞ്ഞു. എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കലും നടപടിക്രമങ്ങൾ സുഗമമാക്കലും ഇത് ഉറപ്പാക്കുന്നു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗാർഹിക തൊഴിലാളി മേഖല വികസിപ്പിക്കാനും ഇത് സഹായിക്കുന്നു.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ ബന്ധം അവസാനിപ്പിക്കുമ്പോഴും തൊഴിലാളി സ്വദേശത്തേക്ക് തിരിച്ചുപോകുമ്പോഴും തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ വേതന സുരക്ഷാ പദ്ധതി തൊഴിലുടമയെ സഹായിക്കുന്നു. കൂടാതെ തൊഴിലാളിക്ക് മുടങ്ങാതെ ശമ്പളം ലഭിക്കുന്നുവെന്നും ഇത് ഉറപ്പാക്കുന്നു. ഔദ്യോഗിക ചാനലുകൾ വഴി എളുപ്പത്തിലും സുരക്ഷിതമായും സ്വന്തം നാട്ടിലുള്ള കുടുംബത്തിന് പണം അയക്കാനും ഈ സേവനം ഗാർഹിക തൊഴിലാളികളെ സഹായിക്കുന്നു.
മുസാനിദ് പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോമേറ്റഡ് സേവനങ്ങൾ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള വേതന സുരക്ഷാ പദ്ധതി. ഗുണഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും തൊഴിൽ വിപണി വികസിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനുമുള്ള സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.
അനുയോജ്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും സുതാര്യത വർധിപ്പിക്കാനും സൗദി തൊഴിൽ വിപണിയുടെ ആകർഷണീയത ഉയർത്താനും ലക്ഷ്യമിട്ട് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയതിനു പിന്നാലെയാണ് ഗാർഹിക തൊഴിലാളികൾക്കും സമാന പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്.
മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ സൂചികയിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനത്തെത്താനും ബിനാമി ബിസിനസുകൾക്ക് തടയിടാനും പണമിടപാടുകൾ ആശ്രയിക്കുന്നത് കുറക്കാനും, വിദേശികൾക്ക് സുരക്ഷിതവും ആകർഷകവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും വേതന സുരക്ഷാ പദ്ധതി സഹായിച്ചു. തൊഴിൽ കേസുകൾ ഗണ്യമായി കുറക്കാനും വേതന സുരക്ഷാ പദ്ധതി സഹായിച്ചു.
